ശക്തമായ മഴയിലും ശബരിമലയിൽ ഭക്തജന തിരക്ക് ; ജൂലൈ 7 ന് ക്ഷേത്രനട അടയ്ക്കും

0
42

പത്തനംതിട്ട : കർക്കടകമാസ പൂജകൾക്കായി തുറന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട അടയ്ക്കാൻ രണ്ട് ദിനം മാത്രം ശേഷിക്കേ അയ്യപ്പദർശനപുണ്യത്തിനായി ശബരിമല സന്നിധിയിൽ ഭക്തജന തിരക്ക്. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയെ അവഗണിച്ച് ഒരേ ഒരു ലക്ഷ്യം ശബരി മാമല എന്ന ചിന്തയുമായി പതിനായിരങ്ങളാണ് കലിയുഗവരദ ദർശനപുണ്യം നേടി മടങ്ങുന്നത്.

മഴയെ പോലും ശരണമന്ത്രത്തിന്റെ ശക്തിയാലൊതുക്കി ദർശനത്തിനായി കാത്ത് നിൽക്കുന്ന അയ്യപ്പഭക്തരുടെ നീണ്ട ക്യൂ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ദർശനം പുണ്യം തേടിയെത്തിയവരിൽ ഭൂരിപക്ഷവും. നെയ്യഭിഷേകം കണ്ട് തൊഴാനും ഭക്തരുടെ തിരക്കായിരുന്നു.പടിപൂജ കണ്ട് തൊഴാൻ അയ്യപ്പ മന്ത്രങ്ങളുമായി നിരവധി ഭക്തരാണ് പതിനെട്ടാം പടിക്ക് മുന്നിലായി കാത്തു നിന്നത്.

കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ധർമ്മശാസ്താക്ഷേത്രനട അടയ്ക്കുന്നത് ഈ മാസം 21 ന് ആണ്. അന്ന് പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും പുറമെ സഹസ്രകലശാഭിഷേകവും നടക്കും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും. ഭക്തിനിർഭരമായ നിറപുത്തരി പൂജയ്ക്കായി 6.8.19 ന് ആണ് ക്ഷേത്രനട തുറക്കുക. 7.8.19 ന് രാവിലെ 5.45 മണിക്ക് മേൽ 6.15 മണിക്കകം നിറപുത്തരി പൂജ നടക്കും. തുടർന്ന് ഭക്തർക്ക് ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണവർണ്ണ നെൽക്കതിരുകൾ പ്രസാദമായി വിതരണം ചെയ്യും.

പതിവ് പൂജകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.വൈകിട്ട് 5ന് നട തുറക്കൽ. 6.30ന് ദീപാരാധന.7 ന് പടിപൂജ.8 മണി മുതൽ പുഷ്പാഭിഷേകം. 9.30 ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി 10 മണിക്ക് പൊന്നമ്പലത്തിൻ ശ്രീകോവിൽ നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി 16. 8. 19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും.മാസ പൂജ സമയത്ത് അയ്യപ്പഭക്തരുമായി വരുന്ന സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്കും ഏറിയിട്ടുണ്ട്‌.