എന്റെ ഡയറ്റാന്വേഷണ പരീക്ഷണങ്ങൾ (അവൽ കുഴച്ചത്‌)

0
100

ഡോ. ഷിംന അസീസ്

ആറ്‌ മണിക്ക്‌ അലാം കാറിപ്പൊളിക്കാൻ തുടങ്ങി. പുറത്ത്‌ നല്ല മഴയുണ്ട്‌. ആച്ചൂട്ടി ഒരു പൂച്ചക്കുഞ്ഞിനെപ്പോലേ നെഞ്ചോട്‌ പറ്റിച്ചേർന്ന്‌ കിടപ്പുണ്ട്‌. തിരിഞ്ഞ്‌ നോക്കിയപ്പോൾ സോനു ദേ ഒളിമ്പിക്‌സിന്‌ ഓടുന്ന പോസിൽ ഉറങ്ങുന്നു. എഴുന്നേൽക്കാൻ ഒരു താൽപര്യവുമില്ലാഞ്ഞിട്ടും എന്നെ കിടക്കയിൽ നിന്ന്‌ വലിച്ച്‌ പൊക്കി പുറത്തിട്ട്‌ അടുക്കളയിലേക്ക്‌ നടന്ന്‌ പോയി മക്കൾസിന്‌ കഴിക്കാനുള്ള ചോറ്‌ സ്‌റ്റൗവിൽ വെച്ച്‌ ഫ്രഷ്‌ ആവാനായി തിരിച്ച്‌ വന്നു.

ഇന്ന്‌ ചോറിനുള്ള കറികളുടെ കാര്യത്തിൽ കൺഫ്യൂഷനൊന്നുമില്ല. ചിക്കൻ മാരിനേറ്റ്‌ ചെയ്‌ത്‌ വെച്ചത്‌ ഫ്രീസറിന്‌ പുറത്തെടുത്ത്‌ വെച്ചിട്ടുണ്ട്‌. ചിക്കൻ റോസ്‌റ്റുണ്ടാക്കാനുള്ള ഉള്ളീം തക്കാളീം ഒക്കെ അരിഞ്ഞ്‌ ഫ്രിഡ്‌ജിൽ എയർടൈറ്റാക്കി വെച്ചിരുന്നു. ചുമ്മാ എടുത്ത്‌ വഴറ്റിച്ചേർത്ത്‌ വേവിക്കാനേ ഉള്ളൂ. അതിന്റെ കഥ പിന്നൊരു ദിവസം പറഞ്ഞു തരാം. ഒരു ബേസിക്‌ ഉള്ളി വഴറ്റൽ കൊണ്ട്‌ എത്രയേറെ തരം കറികളുണ്ടാക്കാമെന്നോ !

ഇന്ന്‌ നമ്മൾ പെട്ടെന്ന്‌ തയ്യാറാക്കാവുന്ന ഒരു സ്‌നാക്കാണ്‌ ചെയ്യുന്നത്‌. ഇത്‌ രാവിലത്തെ ഇന്റർവെല്ലിലോ വൈകുന്നേരം വരെയോ ഫ്രഷായി ഇരുന്നോളും. പോഷകങ്ങളുടെ കാര്യത്തിലാണെങ്കിൽ ഒരു രക്ഷേമില്ല. എന്താ സംഗതീന്നറിയോ? അവൽ കുഴച്ചത്‌. അയ്യേ, മ്മളെ പിള്ളേര്‌ അവിലൊന്നും കഴിക്കില്ല എന്നാണോ? പുച്‌ഛിക്കാതെ, ഇതതല്ല !

രണ്ട്‌ കപ്പ്‌ ചുവന്ന അവിൽ, അഞ്ച്‌ ഈന്തപ്പഴം അരിഞ്ഞത്‌, രണ്ട്‌ ടേബിൾ സ്‌പൂൺ ഉണക്കമുന്തിരി, ഒരു ശർക്കര ചീവിയത്‌, അരക്കപ്പ്‌ തൊലി കളഞ്ഞ നിലക്കടല, രണ്ട്‌ ടേബിൾ സ്‌പൂൺ തേങ്ങ, ഒരു തേങ്ങയുടെ വെള്ളത്തിന്റെ പകുതി ഇത്രേമാണ്‌ വേണ്ടത്‌.
ഈ വിഭവമുണ്ടാക്കുന്നതിന്‌ മുന്നേ കൈ അസ്സലായൊന്ന്‌ സോപ്പിട്ട്‌ കഴുകിക്കോളൂ. എന്നിട്ട്‌ ഇതെല്ലാം കൂടി നന്നായങ്ങ്‌ കുഴച്ച്‌ മിക്‌സ്‌ ചെയ്തുക. ഒരു സാധനം പോലും പെറുക്കി കളയാൻ കുട്ടിക്കുറുമ്പൻമാർക്ക്‌ പറ്റരുത്‌. കുഴഞ്ഞ്‌ പോകുന്നതിന്‌ തൊട്ട്‌ മുന്നേയുള്ള പരുവമാണ്‌ നമുക്ക്‌ വേണ്ടത്‌(ഫോട്ടോ നോക്കൂ).

അവിൽ ക്രിസ്‌പിയായി വേണേൽ ഇരുമ്പ്ചട്ടിയിലിട്ട്‌ വറുക്കാം. വറുത്ത അവിൽ റെഡിമെയ്ഡും കിട്ടും. അതല്ലേൽ സാധാരണ അവിൽ മതി. ചുവന്ന അവൽ കാർബോഹൈഡ്രേറ്റ്‌, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, വൈറ്റമിൻ എ, ബി1 , സി തുടങ്ങിയവയെല്ലാമുള്ള ഒരു മാജിക്കൽ സാധനമാണ്‌. കണ്ടാലൊരു ലുക്കില്ലാന്നേള്ളൂ, ആള്‌ പൊളിയാണ്‌. നാരുകളുമുണ്ട്‌, ദഹനത്തിനും ശോധനക്കും നല്ലതാണ്‌. കഴിച്ചാൽ കുറേ നേരം വിശക്കുകയുമില്ല. പറയുമ്പോ എല്ലാം പറയണല്ലോ, ഇവിടെ മോന്‌ അവൽ പൊതുവേ ഇഷ്‌ടമല്ല. പക്ഷേ, ഈ പ്രിപ്പറേഷൻ വലിയ ഇഷ്‌ടമാണ്‌.

ഈന്തപ്പഴം എത്രയെണ്ണം ചേർക്കണമെന്ന്‌ നിങ്ങൾക്ക്‌ തീരുമാനിക്കാം. ഇരുമ്പും നാരുകളും മഗ്‌നീഷ്യവും മാംഗനീസും സെലനിയവും കോപ്പറുമൊക്കെയായി ഏറ്റവും മികച്ച ഭക്ഷ്യവസ്‌തുക്കളിലൊന്നാണ്‌ ഈന്തപ്പഴം. മറ്റൊരു ഡ്രൈ ഫ്രൂട്ടായ ഉണക്കമുന്തിരിയിലും സമാനമായ ധാരാളം പോഷകങ്ങളുണ്ട്‌. കിലോക്ക്‌ നാലക്ക സംഖ്യ വിലയുള്ള ഡ്രൈ ഫ്രൂട്ട്‌സ്‌ മാത്രമാണ്‌ ഹൈ ക്വാളിറ്റിയെന്ന്‌ കരുതരുത്‌. പലരും വീട്ടിലേക്ക്‌ ഈ സാധനങ്ങൾ വാങ്ങിക്കാത്തത്‌ ഈ വിലയോർത്താണ്‌. അവനവന്റെ പോക്കറ്റിന്റെ വലിപ്പമനുസരിച്ച്‌ ഈ രണ്ട്‌ ചേരുവകളും വാങ്ങാം. രോഗപ്രതിരോധശേഷി കിട്ടാനുള്ള ഘടകങ്ങളും ഇവയിൽ സുലഭം.

നിലക്കടല വലിയ ചിലവില്ലാതെ തന്നെ കിട്ടുന്ന പ്രൊട്ടീന്റെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ്‌. മൂന്ന്‌ വയസ്സിൽ താഴെയുള്ള മക്കൾക്ക്‌ ഒരു കാരണവശാലും ഉരുണ്ട രൂപത്തിൽ കടല കൊടുക്കരുത്‌. അബദ്ധത്തിൽ ശ്വസനനാളിയിൽ ചെന്ന്‌ വീഴുന്ന കടലമണി എത്രയോ പിഞ്ചുമക്കളെ ശ്വാസതടസമുണ്ടാക്കി കൊന്നിട്ടുണ്ട്‌. വേണമെങ്കിൽ അടുക്കളയിലെ കുഞ്ഞി ആട്ടുകല്ല്‌ കൊണ്ട്‌ കുത്തിപ്പൊട്ടിച്ച്‌ സ്‌പൂൺ കൊണ്ട്‌ കോരിക്കൊടുത്തോളൂ. മിക്‌സിയിലടിച്ചാൽ കിട്ടുന്ന കുഴഞ്ഞ പരുവം അവർക്ക്‌ കഴിക്കാൻ പാടായിരിക്കും. ഒരിക്കൽ പൊടിച്ചത്‌ വീണ്ടും എടുത്ത്‌ വെച്ച്‌ കൊടുക്കരുത്‌. കടലയിലെ നനവിൽ പൂപ്പൽ വളരുന്നത്‌ വഴി പലവിധ രോഗങ്ങളുണ്ടാകും. ഒരിക്കലും അവർക്ക്‌ കിടത്തി ഭക്ഷണം കൊടുക്കരുത്‌, പകരം ഇരുത്തി കൊടുക്കണം.

വീണ്ടും കൈക്കുഞ്ഞുങ്ങളിൽ നിന്ന്‌ നമുക്ക്‌ ബഡാ മക്കൾസിലേക്ക്‌ വരാം. കടല എന്ത് കൊണ്ടും അവരുടെ വളർച്ചക്ക്‌ സഹായിക്കുന്ന ഒന്നാണ്‌. തേങ്ങയിലും തേങ്ങവെള്ളത്തിലും ധാരാളം പൊട്ടാസ്യമുണ്ട്‌. മക്കൾക്ക്‌ അത്യാവശ്യമുള്ള ഒന്നാണിത്‌. മിക്കവാറും എല്ലാ പഴങ്ങളിലും ധാരാളം പൊട്ടാസ്യമുണ്ട്‌. ആ കഥയും ഈ പംക്‌തി മുന്നോട്ട്‌ പോകുന്ന വഴിയേ പറയാം.

ശർക്കരയും ഈന്തപ്പഴവും ഉണക്കമുന്തിരിയുമെല്ലാം ഇരുമ്പടങ്ങിയ വസ്‌തുക്കളായത്‌ കൊണ്ട്‌ വിളർച്ചയുള്ള മുതിർന്നവർക്കും രക്‌തമുണ്ടാകാൻ മികച്ച വിഭവമായിരിക്കും ഇത്‌. കൂടെ വൈറ്റമിൻ സിയുള്ള നാരങ്ങ വെള്ളമോ നെല്ലിക്ക അരച്ച്‌ അരിച്ച്‌ ഉപ്പിട്ട ജ്യൂസോ ഒക്കെ കുടിച്ചാൽ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം കൂടുതൽ മികച്ച രീതിയിൽ നടക്കും. സ്‌കൂളിലേക്ക്‌ ജ്യൂസ് കൊണ്ട്‌ പോകൽ പ്രായോഗികമല്ലെങ്കിൽ സാധിക്കുമെങ്കിൽ ഒരു ഓറഞ്ചോ രണ്ട്‌ നെല്ലിക്കയോ കൂടെ കൊടുത്ത്‌ വിടുന്നത്‌ നന്നായിരിക്കും.

ഇനി ഒരു തരത്തിലും അവൽ ശരിയാവില്ല എന്നുള്ള ആളാണോ? പകരം കോൺഫ്ലേക്‌സോ വറുത്ത ഓട്‌സോ എടുക്കാം. രണ്ടിലും ശർക്കരയും തേങ്ങയും തേങ്ങ വെള്ളവും ചേർക്കരുത്‌. പകരം ഏത്‌ തരം ഡ്രൈ ഫ്രൂട്ടും ചേർക്കാം. പെട്ടെന്ന്‌ അലിയാത്ത ചോക്ലേറ്റ്‌ അവർക്ക്‌ അത്‌ മാത്രമായി പെറുക്കി തിന്നാൻ പറ്റാത്തത്ര ചെറിയ വലിപ്പത്തിൽ കുറച്ച്‌ ഗ്രേറ്റ്‌ ചെയ്‌തിടാം, ഏത്‌ തരം നട്ട്‌സും മുറിച്ച്‌ ചേർക്കാം. മക്കൾസ്‌ കറുമുറെ കഴിച്ചോളും.

എന്നിട്ടും നിങ്ങൾക്ക്‌ ഇത്‌ ശരിയാകില്ലെന്നാണോ തോന്നുന്നത്‌? ആദ്യം പറഞ്ഞ അവിൽ റെസിപ്പി തന്നെ ഒന്നുണ്ടാക്കി മക്കൾക്ക്‌ ടിഫിനിൽ കൊടുത്ത്‌ വിട്ട്‌ നോക്കൂ. മുഴുവൻ കഴിച്ച്‌ വന്നാൽ അവർക്കായി ഒരു സർപ്രൈസ്‌ ഒരുക്കി വെക്കൂ. സർപ്രൈസ് നൽകും മുന്നേ ഒരു ഹഗ്‌ കൊടുക്കൂ, ‘നല്ല കുട്ടി’ എന്ന്‌ പറയൂ.

പോഷകങ്ങൾക്കൊപ്പം പ്രകടിപ്പിക്കുന്ന സ്‌നേഹം കൂടിയുണ്ടെങ്കിൽ അവർ പതുക്കേ നമ്മുടെ വഴി വരും. കഴിക്കാത്തതിന്‌ വഴക്ക്‌ പറയരുത്‌, നിർബന്ധിക്കുകയുമരുത്‌. ക്ഷമയോടെ ശ്രമിച്ച്‌ നോക്കാം. അവരുടെ ആരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടി കൂടിയല്ലേ നമ്മൾ രാവും പകലും ഈ കഷ്‌ടപ്പെടുന്നത്‌. ഭക്ഷണം കഴിപ്പിക്കലും ഒരു കലയാണ്‌. കുറച്ചൊന്ന്‌ ശ്രമിച്ചാൽ ഹൃദയം കൊണ്ട്‌ അമ്മയായ ആർക്കും ചെയ്യാവുന്ന ഒന്ന്‌.