കലിതുള്ളി കാലവർഷം;തീരദേശവാസികൾ ദുരിതക്കയത്തിൽ

0
104

വിനിൽ കൃഷ്ണൻ

തിരുവനന്തപുരം: കാലവർഷം കനത്തതോടെ കേരളതീരത്ത് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ ഭീതിയുടെ പിടി യിലാണ്.കലിതുള്ളിയെത്തിയ കാലവർഷം ജനജീവിതത്തെയാകെ ദുരിതക്കയത്തിലാഴ്ത്തി.

തിരുവനന്തപുരം ജില്ലയിൽ ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന്‌ വന്‍തോതില്‍ തീരം കടലെടുത്തു. ശംഖുമുഖം റോഡിൻറെ ഒരു വശത്തിന്റെ പകുതിയും കടലെടുത്തനിലയിലാണ് റോഡ് ഉൾപ്പെടെ ഇവിടെ ഇടിഞ്ഞു കടലിലേക്കു പോയിരിക്കുന്ന നിലയിലാണ്.ഇതേ റോഡിൻറെ അരികിലായി കടലിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥയും മറ്റൊന്നല്ല.ആഞ്ഞടിക്കുന്ന തിരമാലകളെ ഭയന്നു ഇവർ ഉറങ്ങിയിട്ടുപോലും ദിവസങ്ങളായി. പ്രദേശത്തെ കുട്ടികളുടെ മുതൽ വൃദ്ധന്മാരുടെ വരെ മുഖത്ത് ആ ഭീതി നിഴലിച്ചതു കാണാം.


പ്രദേശവാസികളുടെ വീടുകൾ നിലവിൽ കടൽ എത്തി നിൽക്കുന്നിടത്തു നിന്നും കേവലം ഒരു റോഡിൻറെ വ്യത്യാസം മാത്രമാണ് . ഈ റോഡിൽ ആഞ്ഞടിക്കുന്ന തിരമാലകൾ റോഡിൽ വിള്ളലുകളിട്ടു തുടങ്ങി. കരിങ്കല്ലുകൾ കൊണ്ടുനിർമിച്ച തടയണയുടെ മുകളിലേക്കു തിരമാലകൾ ആഞ്ഞടിക്കുന്നത് ശംഖുമുഖത്തെ കാഴ്ചകളാകുന്നു. എന്നാൽ പേടിച്ച്‌ നിൽക്കാതെ വലിയ ചാക്കുകളിൽ മണലുകൾ നിറച്ച് തടയണ നിർമ്മിച്ച് അവർ റോഡും വീടും സംരക്ഷിക്കുന്ന തിരക്കിലാണ്.മറ്റു തീരദേശങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല തീരങ്ങൾ പലതും കടലെടുത്തിരിക്കുകയാണ്.

തീരദേശത്തുകൂടി ഒരു യാത്രനടത്തിയാൽ ആർത്തിരമ്പി വരുന്ന കടലിനോട് പൊരുതി നില്ക്കാൻ പെടാപാടുപെടുന്ന കുറെ മനുഷ്യരെ കാണാം.ഇതിൽ ഭൂരിപക്ഷം പേരും കടൽ നൽകുന്ന വരുമാനത്തിൽ ജീവിക്കുന്നവരാണ് ആയതിനാൽ ഇവർ കടലിനെ വെറുക്കുന്നില്ല പകരം വിധിയെ പഴിച്ച്‌ ജീവിക്കുന്നു.