പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

0
37

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.യു പ്രവർത്തകർക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ കെ.എസ്.യു നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ജഷീർ പള്ളിവേൽ, ജോബിൻ സി.ജോയി തുടങ്ങിയവർ നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലാണ് അവസാനിപ്പിച്ചത്.

ഇവർക്ക് പിന്തുണ അർപ്പിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിനിടെ നിരഹാരം നടത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമരപന്തലിന് സമീപം പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ കണ്ണീർ വാതക, ഗ്രനേഡ് പ്രയോഗം നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യ നില വഷളാക്കിയതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കെ.എസ്.യുവിന്റെ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.