20 ലക്ഷത്തോളം രൂപയുടെ വ്യാജ നോട്ടും നോട്ട് അടിക്കുന്ന ഉപകരണങ്ങളും ഉൾപ്പെടെ അഞ്ച് പേർ പോലീസ് പിടിയിൽ

0
40

തിരുവനന്തപുരം: 20 ലക്ഷത്തോളം രൂപയുടെ വ്യാജ നോട്ടും നോട്ട് അടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഉൾപ്പെടെ അഞ്ച് പേർ പോലീസ് പിടിയിൽ. റൂറൽ പോലീസ് മേധാവി പി.കെ മധുവിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വ്യാജ നോട്ടടിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷെമീർ ഉൾപ്പെടെ നാല് പ്രതികളേയും ആറ് ലക്ഷത്തോളം രൂപയും ആറ്റിങ്ങൽ പോലീസ് ഇന്നലെയും ഇന്നും ആയി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരം ആറ്റിങ്ങൽ പോലീസ് കോഴിക്കോട് പോലീസിന് കൈമാറുകയും , കുന്നമംഗലത്തും ഫെറോക്കിലും റെയ്ഡ് നടത്തി കേസിലെ മറ്റൊരു പ്രതിയേയും വ്യാജനോട്ട് അടിക്കുന്ന ഉപകരണങ്ങളും പതിനാല് ലക്ഷത്തോളം രൂപയും അവിടെ നിന്നും പിടികൂടുകയായിരുന്നു.

ആറ്റിങ്ങലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരത്തോടെ കടയ്ക്കാവൂർ സ്വദേശി രാജൻപത്രോസിനെ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ വി.വി ദിപിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തതോടെയാണ് വൻ കള്ളനോട്ടു സംഘത്തിന്റെ ചുരുളഴിഞ്ഞത്. വിദഗ്ദമായ നീക്കത്തിലൂടെ കള്ളനോട്ടടിക്കുന്ന പ്രധാനി ഉൾപ്പെടെ നാല് പേരെ ആറ്റിങ്ങൽ പോലീസ് പിടികൂടാനായി തുടർന്നാണ് ഉയർന്ന പോലീസ് അധികാരികളുടെ നിർദ്ദേശപ്രകാരം കോഴിക്കോട് പോലീസിന് വിവരം കൈമാറി കുന്നമംഗലത്തും ഫെറോക്കിലും റെയ്ഡ് നടത്തി ഉപകരണങ്ങളും വ്യാജ നോട്ടുകളും പിടിച്ചെടുത്തത്.

കോഴിക്കോട് മുക്കം കള്ളന്തോട് നടത്തിയിരുന്ന ഡി.റ്റി.പി സെൻററിന്റെ മറവിൽ ആയിരുന്നു മുഖ്യ പ്രതി ഷെമീർ വ്യാജ നോട്ടുകൾ നിർമ്മിച്ചിരുന്നത്. ഒർജിനൽ നോട്ടുകളെ വെല്ലുന്ന രീതിയിൽ ആയിരുന്നു നോട്ടിന്റെ നിർമ്മാണം. മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുള്ള പ്രതി കള്ളനോട്ട് കേസിൽ നേരത്തേ പിടിച്ചിട്ടുള്ളവരിൽ നിന്നും ലഭിച്ച ഉപദേശപ്രകാരം ആണ് വ്യാജ നോട്ട് നിർമ്മാണം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ വ്യാജ നോട്ട് വിതരണത്തിന്റെ ഏജന്റ് ആയിരുന്നു മംഗലാപുരം സ്വദേശി ഉണ്ണികൃഷ്ണൻ . ഇയാൾ റഷീദ് എന്ന പേരിൽ കോഴിക്കോട് ഫെറോഖിൽ ആണ് വിവാഹം കഴിച്ച് താമസിക്കുന്നത്. ഇയാളെ കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് , കുന്നമംഗലം പുൽപ്പറമ്പിൽ ഹൗസിൽ ഷെമീർ (വയസ്സ് 38) , കടയ്ക്കാവൂർ തെക്കുംഭാഗം തീർത്ഥം വീട്ടിൽ രാജൻ പതോസ്(വയസ്സ് 61) , ചിറയിൻകീഴ് കൂന്തള്ളൂർ , തിട്ടയിൽമുക്കിൽ പിണർവിളാകത്ത് വീട്ടിൽ നാസർ എന്ന് വിളിക്കുന്ന പ്രതാപൻ (വയസ്സ് 48), പോത്തൻകോട് , നന്നാട്ടുകാവിൽ , ബിലാൽ മൻസിലിൽ അബ്ദുൾ വഹാബ് എന്നിവരാണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിൽ ആയത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധു ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരൻ , ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ വി വി ദിപിൻ, സബ് ഇൻസ്പെക്ടർ എം.ജി ശ്യാം എ.എസ്.ഐ വി.എസ്.പ്രദീപ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.സലീം , എസ്.ജയൻ ,പ്രദീപ് , ബി.ദിലീപ് , ഷിനോദ് ,ഉദയകുമാർ സി.പി.ഒ മാരായ ബിനു ,പ്രജീഷ്കുമാർ റ്റി.പി , ബിജു .എസ് .പിള്ള , ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .