ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പത്രക്കാരിയായി ജനിക്കണം : ഷീല

0
227

തിരുവനന്തപുരം; തനിക്ക് വീണ്ടും ഒരു ജന്‍മം ഉണ്ടെങ്കില്‍ പത്രക്കാരിയായി ജനിക്കാനാണ് ഇഷ്ടമെന്ന് മലയാളത്തിന്റെ പ്രിയ നടി ഷീല.

“പത്രക്കാരാകുമ്പോള്‍ ആളുകളോട് ഇഷ്ടമുള്ളതൊക്കെ ചോദിക്കാമല്ലോ. എല്ലവരോടും എല്ലാം ചോദിക്കണം,”  ഷീല പറഞ്ഞു. തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറള്‍ സെന്ററില്‍ ആരംഭിച്ച താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ചിത്രങ്ങള്‍ വരച്ചത് പ്രദര്‍ശനത്തിന് വേണ്ടി ആയിരുന്നില്ല. എന്നാല്‍ നൂറിലധികം ചിത്രങ്ങള്‍ വരച്ച ശേഷം സുഹൃത്തുക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രദര്‍ശനം നടത്തിയത്. ആദ്യ പ്രദര്‍ശനത്തില്‍ വെച്ചിരുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പ്രദര്‍ശനം സംഘടിപ്പിച്ച ബേബി മാത്യു സോമതീരം വാങ്ങി.

അന്ന് കിട്ടിയ പണം ചെന്നൈയില്‍ ഉണ്ടായ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും ഷീല പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോല്‍ ലഭിക്കാറുണ്ടെന്നും ഷീല പറഞ്ഞു.

നടി എന്ന നിലയില്‍ മാത്രമല്ല സര്‍വ്വ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷീലയെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

നടി, ചിത്രകാരി, നിര്‍മ്മാതാവ്, സംവിധായക, യോഗ, എഴുത്തുകാരി, തുടങ്ങി എല്ലാ മേഖലയിലും ഷീലക്ക് തന്റെ സ്ഥാനം ഉറപ്പിക്കാനായി വൈകിയാണെങ്കിലും അവരുടെ കഴിവ് പരിഗണിച്ച് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ സര്‍ക്കാരിന് സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ബേബി മാത്യു സോമതീരത്തിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. അഭിനയ ജീവിതത്തിലെ തിരക്കിനിടയില്‍ തന്നെ സ്വാധീനിച്ച സ്ഥലങ്ങളും, ആചാരങ്ങളും എല്ലാം ഓയില്‍ വാട്ടര്‍ കളര്‍, അക്രിലിക് മാധ്യമങ്ങളിലാണ് ഷീല വരിച്ചിരിക്കുന്നത്.

ചടങ്ങില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ സിബി മലയില്‍, നടന്‍ ഇന്ദ്രന്‍സ്, ഷീലയുടെ മകന്‍ ജോര്‍ജ്, ഭാഗ്യലക്ഷ്മി, റഷ്യന്‍ കള്‍ച്ചറള്‍ സെന്റര്‍ കോണ്‍സിലേറ്റ് ജനറല്‍ രതീഷ് നായര്‍, ബേബി മാത്യു സോമതീരം. തുടങ്ങിയവര്‍ പങ്കെടുത്തു.

റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും, സോമാക്രിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തിയത്. പ്രദര്‍ശന 28 ന് സമാപിക്കും.