കേരളത്തിലെ സ്ത്രീ മുന്നേറ്റം – ആണുങ്ങൾക്ക് പെണ്ണ് കിട്ടാതാവുന്ന ആധുനിക കേരളം

0
201

വെള്ളാശേരി ജോസഫ്

ജീവിതപങ്കാളിയെ തേടി കേരളത്തിലെ ഗ്രാമീണമേഖലയിലേയും, ചെറു പട്ടണങ്ങളിലേയും യുവാക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോവുന്നു എന്ന വാർത്താ റിപ്പോർട്ടുകൾ കൃത്യമായ തെളിവുകളോടെ ഈയിടെ വന്നിരുന്നു. കാസർകോട്, വയനാട്, കോഴിക്കോട് – എന്നീ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലും വധുക്കളെ തേടി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. കർണാടകത്തിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമാണ് പെൺകുട്ടികളെ വധുക്കളായി കൊണ്ടുവരുന്നത്. ഇങ്ങനെ കർണാടകത്തിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും പെൺകുട്ടികളെ വധുക്കളായി കൊണ്ടുവരുമ്പോൾ അതിർത്തി ജില്ലകളിലെ ബ്രോക്കർമാർക്ക് ഇരുപത്തയ്യായിരം മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലം കൊടുക്കണം. കൂടാതെ, പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്വർണവും വിവാഹ ചെലവിനുള്ള പണവും നൽകണം.

ഈ അവസ്ഥ എന്തുകൊണ്ട് സംജാതമായി? കഴിഞ്ഞ 30-40 വർഷങ്ങളിൽ ആധുനിക കേരളത്തിൽ സംഭവിച്ച സമൂലമായ സാമൂഹ്യമാറ്റം തന്നെയാണിതിന് കാരണം. ഒരു നൂറ്റാണ്ടോളം പഴക്കം കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രത്തിന് പറയാം. ദേവകി നിലയങ്ങോട് എഴുതിയിട്ടുള്ള ‘അന്തർജനം കഥകളിൽ’ അവർ പറയുന്നത് 1920-കളിൽ 9 വയസിലും, 10 വയസിലും നമ്പൂതിരി പെൺകുട്ടികളുടെ വിവാഹം നടക്കുക സാധാരണമായിരുന്നു എന്നാണ്. ലളിതാംബിക അന്തർജനത്തിൻറ്റേയും, ദേവകി നിലയങ്ങോടിൻറ്റേയും കൃതികളിൽ തെളിയുന്ന ജീവിത രേഖകൾ ഇന്നത്തെ തലമുറക്ക് അന്യമാണ്. അന്നൊക്കെ നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു; അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു; സ്വർണം, വെള്ളി – ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ‘പരിണയം’ സിനിമ അന്നത്തെ അവസ്ഥകൾ കുറച്ചൊക്കെ കാണിക്കുന്നുണ്ടല്ലോ. അത്തരം അവസ്ഥകളിൽ നിന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴുള്ള സമൂലമായ മാറ്റം തന്നെയായിരിക്കണം ഇന്നത്തെ വിവാഹങ്ങളിലും പ്രതിഫലിക്കുന്നത്.

ഇപ്പോഴത്തെ നമ്പൂതിരി പെൺകുട്ടികളൊക്കെ നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് പണ്ടത്തെ പുരുഷാധിപത്യത്തിൽ ഭിന്നമായ ഇപ്പോഴത്തെ അവസ്ഥ. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതി വിട്ടുള്ള വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേ കാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡം വെക്കലും നടത്തിയവർ ഇപ്പോൾ അത്തരത്തിലുള്ള യാതൊരു മനോഭാവവും കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ ‘സാധനം’ എന്നാണല്ലോ വിശേഷിപ്പിച്ചത്. ‘അകത്തത്’ , ‘അത്’ , ‘ഇത്’ – എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. അങ്ങനെയുള്ള നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്.

പണ്ട് ചൊവ്വാദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ വിവാഹത്തിൽ നിന്ന് മാറ്റി നിർത്തിയവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. കേരളത്തിലെ മുന്നോക്ക ഹിന്ദു യുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു എന്നതാണ് കണക്കുകൾ നിരത്തി തന്നെ ചിലർ തെളിയിക്കുന്നത്. ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്താൽ പോലും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂവാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്നാണ് പല സാമൂഹ്യക നിരീക്ഷകരും പറയുന്നത്.

ജാതകവും, ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ ആഭ്യന്തര വൈരുധ്യങ്ങൾ കൊണ്ടുതന്നെ തകരുകയാണെന്നുള്ളതാണ് വാസ്തവം. യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് സമീപ കാല കേരളത്തിൽ ഇത്തരം തിരിച്ചറിവുകൾ ഉണ്ടാക്കിയത്. അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിൻറ്റെ വലിയ മാറ്റമാണെന്നോ, ചരിത്രത്തിൻറ്റെ കാവ്യ നീതിയാണെന്നോ പറയാം. ചുരുക്കം പറഞ്ഞാൽ അനുദിനം മൽസരാധിഷ്ഠിതമാകുകയാണ് കേരളത്തിലെ വിവാഹ മാർക്കറ്റ്. അനാഥാലയങ്ങളിലെ പെൺകുട്ടികളെ പോലും വിവാഹം കഴിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്. ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവം വരെ വിലയിരുത്തിയതിന് ശേഷമേ അനാഥാലയത്തിൻറ്റെ അധികൃതർ വിവാഹങ്ങൾക്ക് സമ്മതിക്കൂ. അതുകൊണ്ടായിരിക്കണം കേരളത്തിൽ വധുക്കളെ ആവശ്യമുള്ള ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടതായി വന്നത്.

ആധുനിക ഇന്ത്യയിൽ മഹാത്മാ ഗാന്ധിയാണ് സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വന്നത്. കേരളത്തിൽ പോലും ജനാലകളിൽ നിന്ന് സ്വർണ വളകളൊക്കെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊരി കൊടുത്ത ചരിത്രമുണ്ട്. ഗാന്ധി പണ്ട് കേരളത്തിൽ വന്നപ്പോൾ ഒരു പെൺകുട്ടി തൻറ്റെ സ്വർണം മുഴുവനും ഗാന്ധിക്ക് കൊടുത്ത കഥ വളരെ പ്രശസ്തമാണല്ലോ. പക്ഷെ മഹാത്മാ ഗാന്ധിക്ക് ടോയ്ലെറ്റ് ഉപയോഗത്തിൻറ്റെ കാര്യത്തിലാണെങ്കിലും, സ്ത്രീകളെ വലിയ തോതിൽ പൊതു വേദികളിലേക്ക് കൊണ്ട് വരുന്ന കാര്യത്തിലാണെങ്കിലും വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. സമൂഹത്തിൻറ്റെ യാഥാസ്ഥികത്ത്വം തന്നെ കാരണം.

എന്തായാലും ഗാന്ധിയുടെ കാലത്തിൽ നിന്ന് സ്ത്രീകൾ വളരെ മുന്നോട്ടുപോയി എന്ന് തന്നെയാണ് ഇപ്പോഴത്തെ വിവാഹ ‘ട്രെൻഡുകൾ’ കാണിക്കുന്നത്. കേരളത്തിലെ പല സമുദായങ്ങളിലേയും സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഇപ്പോൾ ആണുങ്ങൾക്ക് പെണ്ണ് കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലി നേടുമ്പോൾ പുരുഷരിൽ ഒരു വലിയ വിഭാഗവും അവിടെ തന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തു വരുന്നവരും, വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നവരും, വിവാഹ മാർക്കറ്റിൽ പിറകോട്ടു പോകുന്നു. സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്കും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളത്. ഇതോടൊപ്പം ജാതകം, പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള പെൺകുട്ടികൾ അതനുസരിച്ച് യോഗ്യതയുള്ളവരെയേ ജീവിത പങ്കാളികളായി സ്വീകരിക്കുന്നുള്ളൂ. പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പെൺകുട്ടികളുടെ ഇടയിൽ വിവാഹ പങ്കാളിയെക്കുറിച്ചുള്ള സങ്കൽപം ഇപ്പോൾ ഉയർന്നതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാം. ഐ.ടി. ഫീൽഡിലേക്കും മറ്റുമായി ബാൻഗ്ലൂർ പോലുള്ള നഗരങ്ങളിൽ എത്തുന്ന പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന പ്രവണതയും ഇന്നുണ്ട്. വിവാഹത്തിലേക്ക് എത്തുന്ന ഇത്തരം ‘ട്രെൻഡുകൾ’ കാരണം അവസാനം മലയാളി പുരുഷന് പെണ്ണ് കിട്ടാതിരിക്കുന്ന അവസ്ഥ ഒരു സാമൂഹ്യ പ്രശ്നമായി മാറുമോ എന്നാണ് ഇനി ഭയക്കേണ്ടത്. കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി ഒറ്റപ്പെടുന്ന പുരുഷന്മാർ മാറുമോ എന്നാണ് ഇനി കാണേണ്ടത്.

ഒരു സമൂഹത്തിൻറ്റെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ അതല്ലെങ്കിൽ ‘സോഷ്യൽ ഡെവലപ്പ്മെൻറ്റ് ഇൻഡക്സ്’ കണക്കാക്കാൻ ഏറ്റവും എളുപ്പം സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും, അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനവും നോക്കുന്നതാണ്. കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കമ്യുണിറ്റി എന്ന നിലയിൽ ആദ്യം സ്വയം വരുമാനം നേടിയതും, വിദ്യാഭ്യാസത്തിൽ മുൻപന്തിയിലെത്തിയതും ക്രിസ്ത്യൻ സ്ത്രീകളായിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സ്ത്രീകൾ മുൻനിരയിലേക്ക് വന്നത്തിന് മുമ്പ് തന്നെ പുരുഷന്മാരും വിദ്യാഭ്യാസപരമായി മുന്നേറിയിരുന്നു. കഴിഞ്ഞ 20-30 വർഷങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ മുമ്പന്തിയിലെത്തിയ കൂട്ടരാണ് കേരളത്തിലെ മുസ്‌ലീം കമ്യുണിറ്റി. അതൊക്കെ കൊണ്ടാവാം കേരളത്തിലെ ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിൽ വധുക്കൾക്ക് അധികം ക്ഷാമം അനുഭവപ്പെടുന്നില്ല. ഹിന്ദു സമുദായത്തിലാണ് കൂടുതൽ പ്രശ്നങ്ങൾ. പക്ഷെ ഇപ്പോഴുള്ള ‘ട്രെൻഡ്’ തുടർന്നാൽ ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളിലും ഒരുപക്ഷെ ഭാവിയിൽ വധുക്കളുടെ ‘ഷോർട്ടേജ്’ അനുഭവപ്പെട്ടേക്കാം. ഇന്നത്തെ മുസ്ലീം സ്ത്രീകളുടെ പ്രശ്നം അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള വരൻമാരെ കിട്ടാത്തതാണ്. ‘കടൽ കടന്നൊരു മാത്തുക്കുട്ടി’ – യെ പോലെ വിദേശ നേഴ്‌സുമാരുമായുള്ള വിവാഹത്തിലൂടെ ഹൌസ് വൈഫുകൾക്ക് പകരം ധാരാളം ‘ഹൌസ് മാൻമാർ’ ആയവർ ഇന്നിപ്പോൾ ക്രിസ്ത്യൻ സമുദായത്തിൽ ഉണ്ട്. വിദ്യാഭ്യാസമുള്ള ക്രിസ്ത്യൻ പെൺകുട്ടികൾ ഭാവിയിൽ ഇത്തരം ‘ഹൌസ് മാൻമാരെ’ അംഗീകരിക്കുമോ എന്ന ഇപ്പോഴേ ക്രിസ്ത്യൻ സാമുദായാംഗങ്ങൾ ചിന്തിക്കുന്നത് നന്നായിരിക്കും.