കോൺഗ്രസ് എം എൽ എ ഇമ്രാന്‍ അന്‍സാരിയെ ജയ്‌ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ബിജെപി മന്ത്രി ; മാധ്യമങ്ങൾക്കു മുന്നിൽ പരിഹസിക്കാനും ശ്രമം ; എതിർപ്പ് പ്രകടിപ്പിച്ച് അൻസാരി

0
76

ന്യൂ ഡൽഹി : കോണ്‍ഗ്രസ് എംഎല്‍എയെ ജയ്ശ്രീം റാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ജാര്‍ഖണ്ഡ് ബിജെപി മന്ത്രി. ഇതിന്റെ വീഡിയോ സഹിതം ഇപ്പോള്‍ തെളിവ് പുറത്തുവന്നിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു മന്ത്രിയുടെ അസഹിഷ്ണുത വെളിവാക്കുന്ന നടപടി.

ഇമ്രാന്‍ അന്‍സാരിയുടെ മുന്‍ഗാമികള്‍ രാമന്‍റെ ആളുകളായിരുന്നുവെന്നും ബാബറിന്‍റെ ആളുകള്‍ ആയിരുന്നില്ലെന്നും പറഞ്ഞ് സി.പി. സിംഗ്, അന്‍സാരിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ താങ്കള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ മന്ത്രിയോട് പ്രതികരിച്ചത്.

ജാര്‍ഖണ്ഡ് നഗരവികസന വകുപ്പ് മന്ത്രിയാണ് സിപി സിംഗ്. നിയമ സഭയ്ക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലായിരുന്നു സംഭവം.

ജയ്ശ്രീറാം കൊലവിളിയാകുന്നു, ഇത്തരം ആക്രമണങ്ങള്‍ ജാമ്യമില്ലാ കുറ്റമായി മാറണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രമുഖ കലാകാരന്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കത്തയച്ച ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ ഒരാളായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

മറ്റൊരു ബംഗാളി നടന് നേരെയും ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.സംഭവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമോത്സുക പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

രാജ്യത്ത് ആവശ്യം തൊഴിലും വൈദ്യുതിയും വികസനവുമാണെന്നും മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കരുതെന്നും സിംഗിന് അന്‍സാരി മറുപടി നല്‍കി. എന്നാല്‍ നിങ്ങളുടെ പൂര്‍വ്വികര്‍ ശ്രീരാമനില്‍ വിശ്വസിച്ചിരുന്നവരാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും 10 സംസ്ഥാനങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.