എന്റെ ഡയറ്റാന്വേഷണ പരീക്ഷണങ്ങൾ ഭാഗം – 2

0
229

ഡോ. ഷിംന അസീസ്

“ഞങ്ങൾ തിങ്കളാഴ്ച തൊട്ട്‌ സ്‌കൂളിലേക്ക്‌ ചോറ്‌ കൊണ്ടോവൂല.”

“ങേ? അതെന്താ?” ഏകസ്വരത്തിലുള്ള പ്രഖ്യാപനം കേട്ട്‌ വായിച്ച്‌ കൊണ്ടിരുന്ന പുസ്‌തകത്തീന്ന്‌ തല പൊക്കി നോക്കി. രണ്ടാളും കട്ട സീരിയസാണ്‌.

ഇനിയിപ്പോ എന്ത് സാധനമാണ്‌ ദൈവമേ ഇവർക്ക്‌ കൊടുക്കുക എന്നാലോചിച്ച്‌ അടുക്കളയിലെ ഷെൽഫിലേക്ക്‌ ഉറ്റുനോക്കിയപ്പോഴാണ്‌ കുപ്പിയിലിരുന്ന ചെറുപയർ എന്നെ നോക്കി ചിരിച്ചത്‌. മുളപ്പിച്ചേക്കാം, തിങ്കളാഴ്‌ച രാവിലെയാവുമ്പഴേക്ക്‌ എന്തെങ്കിലും കൊനിഷ്‌ട്‌ തോന്നാതിരിക്കില്ല.

ഒരു ബൗളിൽ ഒന്നര കപ്പ്‌ ചെറുപയറിട്ട്‌ കഴുകിയ ശേഷം അതിന്റെ മീതെ പാത്രം നിറച്ച്‌ വെള്ളമൊഴിച്ച്‌ അടുക്കളയുടെ മൂലക്ക്‌ വെച്ചു. തോരനോ സാലഡോ കറിയോ ഒന്നും ആലോചിക്കുക പോലും വേണ്ട. നോ ഗ്രാസ്‌ വിൽ വാക്ക്‌ ഹിയർ. മനസ്സിലായില്ലേ? പിള്ളേര്‌ തിരിഞ്ഞ്‌ പോലും നോക്കില്ലെന്ന്‌ തന്നെ.

ഞായറാഴ്ച രാവിലെ ചെറുപയർ പാത്രത്തിലേക്ക്‌ ഒരു തുണിയിട്ടു. അധികമുള്ള വെള്ളം വലിച്ചെടുക്കുകേം ചെയ്യും ഈർപ്പത്തിന്‌ ഈർപ്പവുമായി. രാത്രിയായപ്പഴേക്ക്‌ ചെറുപയർമണികൾ ചെടിക്കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കുന്നു. ഒന്നും നോക്കിയില്ല, ഒരു സ്‌പൂൺ മുളകുപൊടി, അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, അത്ര തന്നെ മല്ലിപ്പൊടി, രണ്ട്‌ നുള്ള്‌ ഗരം മസാല, ആവശ്യത്തിന്‌ ഉപ്പ്‌, ഒരു ഗ്ലാസ്‌ വെള്ളം എന്നിവ ചേർത്ത്‌ പാതി വേവാക്കി വറ്റിച്ച്‌ വെച്ചു. പ്രോട്ടീനും വൈറ്റമിനുകളും ആവശ്യത്തിനായി. പക്ഷേ, മക്കൾ ഈ പരുവത്തിലിത്‌ കഴിക്കൂലല്ലോ. ഫാൻസി ഡ്രസ്‌ തന്നെ ശരണം.

കട്‌ലറ്റാക്കിയാൽ സ്‌കൂളിലെത്തുമ്പഴേക്ക്‌ ചൂടൊക്കെ പോയി നിർവികാരമാകാൻ സാധ്യത വളരെ കൂടുതലാണ്‌. തണുത്താലും ടേസ്‌റ്റ്‌ പോവാൻ പാടില്ല. കട്‌ലറ്റിനെ ചപ്പാത്തിക്കകത്ത്‌ ഒളിച്ച്‌ കടത്തിയാലോ?

അഞ്ച്‌ കുഞ്ഞി ഉരുളക്കിഴങ്ങെടുത്ത്‌ കുക്കറിലിട്ട്‌ വേവിച്ചു. രണ്ട്‌ വിസിലടിച്ച്‌ പത്ത്‌ മിനിറ്റ്‌ സിമ്മാക്കി വെച്ച്‌ സ്‌റ്റൗ ഓഫാക്കി. കുക്കർ തണുത്ത ശേഷം തുറന്ന്‌ പൊട്ടാറ്റൊക്കുട്ടൻമാരെ തൊലിയുരിഞ്ഞ്‌ നിർത്തി. അവൻമാരേം വേവിച്ച്‌ വെച്ച ചെറുപയറും കട്ട്‌ലറ്റിന്‌ കുഴക്കുന്നത്‌ പോലെ കുഴച്ചു. ഉപ്പ്‌ പാകമാണോന്ന്‌ ഇങ്ങനെ കുഴച്ച ശേഷം നോക്കിയാൽ മതി കേട്ടോ. എന്നിട്ട്‌, വീട്ടിലുള്ള കട്‌ലറ്റിന്റെ അച്ചിൽ വെച്ച്‌ ദോ ഫോട്ടോയിലുള്ള ഷേപ്പാക്കി.ഈ സാധനത്തെ സായിപ്പ്‌ ‘പാറ്റി’ എന്നൊക്കെയാണ്‌ വിളിക്കുന്നത്‌. ഇങ്ങനെയുണ്ടാക്കുന്നത്‌ നമ്മുടെ നാടൻ കട്‌ലറ്റിന്റെ കൂട്ട്‌ വെച്ചുമാവാം. വെജിറ്റേറിയനോ നോൺവെജോ കൂട്ട്‌ വെച്ച്‌ പാറ്റിയുണ്ടാക്കാം. (ഇത്രേം മാത്രം ചെയ്‌ത്‌ സംഗതിയെ ഫ്രിഡ്‌ജിൽ കേറ്റി മൂടി വെച്ച്‌ പോയി വാവുറങ്ങുക)

നേരം വെളുത്ത ശേഷമുള്ള അടുക്കളയിലെ അങ്കത്തിൽ, പാനിൽ തീരേ കുറച്ച്‌ എണ്ണ തൂത്ത്‌ പാറ്റിയെ അപ്പുറവും ഇപ്പുറവും ചുട്ടെടുക്കുകയാണ്‌ ചെയ്‌തത്‌. കൂടുതൽ രുചി വേണ്ടവർക്ക്‌ പാറ്റി ഉപ്പും കുരുമുളക്‌ പൊടിയുമിട്ട മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ്‌ വറുത്തെടുക്കാം. എണ്ണ കൂടുതലാവുമെന്നതിനാൽ ഹെൽത്തിയായിരിക്കില്ല. ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കിൽ ടിഷ്യൂ പേപ്പറിൽ വെച്ച്‌ നന്നായി എണ്ണ കളഞ്ഞ ശേഷം മാത്രം ബാക്കി പരിപാടിയിലേക്ക്‌ കടക്കുക.

നാല്‌ വലിയ ചപ്പാത്തി പരത്തുക. വിപണിയിലുള്ള ഹാഫ്‌ കുക്ക്‌ഡ്‌ ചപ്പാത്തിയിലേക്ക്‌ ഇടങ്കണ്ണിട്ട്‌ നോക്കേണ്ട, അത്‌ കൊണ്ട്‌ കാര്യമില്ല. ചപ്പാത്തിക്ക്‌ ആഫ്രിക്കയുടെ ഷേപ്പ്‌ വരികയാണെങ്കിൽ അടുത്തതും ആഫ്രിക്കയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മൾ ഈ കട്‌ലറ്റിനെ/പാറ്റിയെ ചപ്പാത്തികൾക്കകത്തിട്ട്‌ ബന്ധിക്കാൻ പോവുകയാണ്‌. നാല്‌ പാറ്റികളെയും ചപ്പാത്തിക്കകത്ത്‌ നിരത്തിയ ശേഷം കുറച്ച്‌ അരിഞ്ഞ പച്ചക്കറികൾ കട്‌ലറ്റിന്‌ മീതെ വിതറുക. കുറച്ച്‌ ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌(പകരം പുതിന ചട്‌നി/ടൊമാറ്റോ സോസ്‌/നാടൻ ചമ്മന്തി തുടങ്ങിയവയിലൊന്നുമാകാം) മുകളിലൂടെ വിതറുക. അടുത്ത ചപ്പാത്തി മീതെ വെച്ച്‌ ഡോക്‌ടർമാർ പൾസ്‌ നോക്കുന്നത്‌ പോലെ രണ്ട്‌ വിരൽ ചുറ്റും വട്ടത്തിലങ്ങ്‌ നടത്തി ചപ്പാത്തികളെ ഒന്നാക്കുക.

ചൂടാക്കി നെയ്യ്‌/ബട്ടർ/എണ്ണ പുരട്ടിയ ചപ്പാത്തി പാനിലേക്ക്‌ ശ്രദ്ധയോടെ നമ്മുടെ സ്‌റ്റഫ്‌ഡ്‌ ചപ്പാത്തിയെ കമിഴ്‌ത്തുക. ചെറു തീയിൽ അപ്പുറവും ഇപ്പുറവും വേവുന്നതാണ്‌ രുചി. വെന്ത ശേഷം പാത്രത്തിലേക്ക്‌ മാറ്റിയിട്ട്‌ ഓരോ കഷ്‌ണത്തിനകത്തും ഓരോ കട്‌ലറ്റ്‌ വരും വിധം മുറിക്കാം. വേണമെങ്കിൽ പുതിന ചട്‌നിയോ തൈരോ ചമ്മന്തിയോ ഒക്കെ ഇതിന്റെ കൂടെ കൊടുത്ത്‌ വിടാം. ഇങ്ങനെ കഴിക്കാൻ തന്നെ നല്ലതാണ്‌ എന്ന്‌ ഈ പരീക്ഷണം സഹിച്ച രണ്ട്‌ പേരും അനുഭവസാക്ഷ്യം പറഞ്ഞിട്ടുണ്ട്‌.

നോട്ട്‌ ഓൺലി ബട്ട്‌ ഓൾസോ, ആ ചെറുപയറിന്‌ പകരം ഏത്‌ പ്രോട്ടീൻ സോഴ്‌സും വെക്കാം. എന്ത് കള്ളക്കടത്തും നടത്താവുന്ന അസ്സൽ മാധ്യമമാണ്‌ നമ്മുടെ പാറ്റി.

ഇതിന്റെ കോലം കണ്ടിട്ട്‌ ‘ഇതിനൊക്കെ രാവിലെ എപ്പഴാ സമയം’ എന്ന്‌ കരുതേണ്ട. മസാലപ്പൊടികൾ മാത്രമുള്ള ചെറുപയറും ഉരുളക്കിഴങ്ങും ചേർന്നുള്ള പരിപാടിക്ക്‌ മാത്രമാണ്‌ കുറച്ച്‌ സമയമെടുത്തത്‌- ഇരുപത്‌ മിനിറ്റ്‌. ആ പണി രാത്രി തന്നെ തീർത്ത്‌ എയർടൈറ്റായി ഈ കൂട്ട്‌ ഫ്രിഡ്‌ജിൽ വെച്ചാൽ മതി. രാവിലെ നാല് ചപ്പാത്തി ഉണ്ടാക്കിയാൽ തന്നെ രണ്ടോ മൂന്നോ കുട്ടികൾക്ക്‌ നിറയെ കഴിക്കാനുള്ളതുണ്ടാകും, ഹെവിയാണ്‌. രാവിലത്തെ പരിപാടിക്ക്‌ കഷ്‌ടിച്ച്‌ പതിനഞ്ച് മിനിറ്റേ എടുക്കൂ. ശ്രമിച്ച്‌ നോക്കീട്ട്‌ പറയണേ…