എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന പൊലീസ്‌ റിപ്പോര്‍ട്ട് തെറ്റ്‌: പി രാജു

0
25

കൊച്ചി: ലാത്തിച്ചാര്‍ജില്‍ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന പൊലീസ്‌ റിപ്പോര്‍ട്ട് തെറ്റാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കൈവശമുണ്ടെന്നും അതില്‍ പരിക്കുണ്ടെന്ന് വ്യക്തമാണെന്നും പി രാജു കൊച്ചിയില്‍ പറഞ്ഞു. രേഖകള്‍ വിഷയത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജില്ലാ കളക്ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

 ലാത്തിചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലേറ്റിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.

മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മര്‍ദ്ദനമേറ്റ ശേഷം അതിന്റെ ആഴം അളക്കുന്നത് തന്നെ ഒരു നല്ല ശീലമല്ല. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.

അതേസമയം പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസ് കളക്ടര്‍ക്ക് കൈമാറി. പരുക്കിനെ കുറിച്ച് അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും. പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ സിപിഐ പ്രവര്‍ത്തകരില്‍ നിന്ന്  കലക്ടര്‍ മൊഴിയെടുത്തിരുന്നു.