കശ്മീരില്‍ 10,000 അര്‍ധസൈനികരെ വിന്യസിച്ച്‌ കേന്ദ്രം

0
25

ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് 10,000 അര്‍ധസൈനികരെ കൂടി അയയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള കേന്ദ്ര തീരുമാനം.

രാഷ്ട്രപതി ഭരണം തുടരുന്ന കശ്മീരിലെ ക്രമസമാധാന സാഹചര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ചര്‍ച്ച നടത്തിയിരുന്നു. വടക്കന്‍ കശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്ന് ജമ്മു ഡിജിപി ദില്‍ബാഗ് സിങ് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈനികരെ വിമാനത്തില്‍ കശ്മീരിലെത്തിക്കുമെന്നാണു റിപ്പോര്‍ട്ട്. അമര്‍നാഥ് തീര്‍ഥയാത്രയ്ക്കു സുരക്ഷ നല്‍കുന്നതിന് അടുത്തിടെ 40,000 അര്‍ധസൈനികരെ കൂടുതലായി വിന്യസിച്ചിരുന്നു.