ഹൃദ്രോഗ ചികിത്സയിൽ മുന്നേറ്റം: രോഗം ഭേദമാക്കുന്ന കോശങ്ങള്‍ കണ്ടെത്തി

0
132

ഹൃദ്രോഗ ബാധിതരുടെ ചികിത്സക്ക് ഉപയോഗപ്പെടുത്താവുന്ന കോശങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. മുമ്പ് തിരിച്ചറിയപ്പെടാതെ പോയ കോശങ്ങളാണിവ.

ഹൃദയാവരണത്തിനുള്ളില്‍ ബാക്റ്റീരിയകളെയും ജീവനറ്റ കോശങ്ങളെയും പുറന്തള്ളി ശുദ്ധീകരണ പ്രക്രിയ നടത്തുന്ന ഗാറ്റ 6+ എന്ന കോശത്തെ കാനഡയിലെ കാല്‍ഗരി സർവ്വകാലാശാലയിലെ  ഗവേഷകരാണ് കണ്ടെത്തിയത്. തങ്ങളുടെ കണ്ടെത്തലുകൾ  ഈ ഗവേഷകർ ‘ഇമ്മ്യൂണിറ്റി’ എന്ന പ്രസിദ്ധീകരണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

പരുക്കേറ്റ ഹൃദയമുള്ള ചുണ്ടെലിയുടെ ഹൃദയത്തിനു ചുറ്റുമുള്ള ഉറയില്‍ ദ്രവരൂപത്തിലുള്ള ഹൃദയാവരണത്തിലാണ്   ഈ  കോശങ്ങളെ കണ്ടെത്തിയത്. ചുണ്ടെലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ പരുക്കേറ്റ ഹൃദയം സുഖപ്പെടുത്തുന്നതിന് ഈ കോശങ്ങൾ സഹായകമാണെന്നു കണ്ടെത്തി.

ഹൃദയധമനികളിൽ പരുക്കുകളുള്ള മനുഷ്യരുടെ ഹൃദയാവരണത്തിനുള്ളിലും ഇതേ കോശങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു. ഹൃദ്രോഗങ്ങളുള്ള രോഗികളുടെ ചികിത്സക്ക് ഈ കോശങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

പുതിയ കോശത്തിന്റെ കണ്ടെത്തല്‍ ഹൃദ്രോഗങ്ങള്‍ കാരണം കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ ചികിത്സകള്‍ നല്‍കുന്നതിനുള്ള അവസരം സൃഷ്ടിക്കുമെന്ന് ഗവേഷകർ പറയുന്നു. ഹൃദയത്തിനു തൊട്ടു പുറത്തായി സ്ഥിതിചെയ്യുന്ന ഈ കോശങ്ങള്‍ക്ക് പരുക്കേറ്റ ഹൃദയങ്ങൾ സുഖപ്പെടുത്തുന്നതിൽ  എന്തെങ്കിലും പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഹൃദ്രോഗ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ മുമ്പ് മനസ്സിലാക്കിയിരുന്നില്ല. 

ശരീരത്തിന്റെ മറ്റു അവയവങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വയം സുഖപ്പെടുത്താനുള്ള കഴിവ് ഹൃദയത്തിനു പരിമിതമാണ്. ഹൃദ്രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്നതിന്റെ കാരണവും അതാണ്. വ്യത്യസ്തമായ ദ്രവരൂപത്തിലുള്ള ഒരു ആവരണ സഞ്ചിക്കുള്ളിലാണ് ഹൃദയം സ്ഥിതിചെയ്യുന്നത് എന്നെല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനുള്ളില്‍ ഇത്രയും സവിശേഷമായ കോശങ്ങള്‍ ഉണ്ടെന്നത് കണ്ടെത്തിയിരുന്നില്ല.