വേരുപിടിക്കാത്ത മണ്ണിലെ തലകീഴായ ആൽമരം

0
291

ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ 

ഭഗവദ്ഗീത പറയുന്നു ജീവിതം തലകീഴായ് നിൽക്കുന്ന ആൽമരം പോലെയാണെന്ന്. തടാകക്കരയിൽ നിൽക്കുന്ന ആൽമരത്തിന്റെ പ്രതിബിംബം ജലത്തിൽ തലകീഴായി കാണുന്നതുപോലെയാണ് ജീവിതം. ഭൗതിക ജീവിതം ആത്മീയജീവിതത്തിന്റെ പ്രതിരൂപമാണെന്ന് സാരം. ഇത് 33 വർഷം മുമ്പ് ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിൽ ഞാന്‍ നട്ട ആൽമരം.

എന്തുകൊണ്ടോ ഈ ആൽമരത്തെ കുറിച്ചുള്ള ഓർമ്മകളിൽ ഭഗവദ്ഗീതയ്ക്കൊപ്പം  മറ്റൊരു മനുഷ്യ സാന്നിധ്യം കൂടെയുണ്ട്. ഞാന്‍ പഠിപ്പിച്ചിരുന്ന ജവഹർലാൽ നെഹ്രു കോളജിലെ പ്രിന്‍സിപ്പലായിരുന്ന ഡോ. സി എം രാമചന്ദ്രന്റെ സാന്നിധ്യം. ലോകത്തെ ഓടിത്തോൽപ്പിച്ച  പി.ടി. ഉഷയുടെ നാട്ടുകാരന്‍. സർവ്വകലാശാലകളിൽ ബാക്കിയുള്ള എല്ലാ ബിരുദങ്ങളേയും ഡോക്ടറേറ്റിന് വാലാക്കി തുന്നിവച്ച വിചക്ഷണന്‍.

പയ്യോളിക്കാർ സ്നേഹപൂർവ്വം ‘തമ്പുരാന്‍’ എന്നു വിളിക്കുന്ന രാമചന്ദ്രന്‍ മാഷ് എന്നോട് പറയുമായിരുന്നു, “എടാ, നീ എന്റെ സർവ്വീസ് സ്റ്റോറി എഴുതണം. കാര്യങ്ങൾ എല്ലാം ഞാന്‍ പറഞ്ഞുതരാം. സ്റ്റോറിയുടെ പേര് ‘വേരുപിടിക്കാത്ത മണ്ണിൽ'”. ദ്വീപുകളിൽ വികസനം വിദൂരസ്വപ്നം പോലുമല്ലാതിരുന്ന കാലത്ത് ‘ഓടി’ എന്ന കാറ്റുവഞ്ചിയിൽ രണ്ടാഴ്ച കടലിൽ അലഞ്ഞ് ദ്വീപിൽ കരപൂകിയ കഥ.

പിന്നെ, കടംകഥകൾ തോൽക്കുന്ന ജീവിതാനുഭവങ്ങൾ…  ഔദ്യോഗികവും, വ്യക്തിപരവും. അനുഭവങ്ങളുടെ ചെപ്പുതുറക്കാതെ അദ്ദേഹം കഥാവശേഷനായി.  ഈ ആൽമരത്തിന് കീഴിൽ നിൽക്കുമ്പോൾ, ഈ ചില്ലകളിൽ തുള്ളിയിലാകുന്ന ആലിലകൾ എന്നോട് ആ കഥ വീണ്ടും പറയുന്നുണ്ട്. തീഷ്ണമായ മനുഷ്യബന്ധം നിർമ്മിച്ച ഏകാന്ത തുരുത്തിലെ സഹജീവികളായിരുന്നല്ലോ ഞങ്ങൾ? 

ഈ ആൽമരം ഞാന്‍ നട്ടുനനച്ച് മുള വരുന്നതും ഇല വിരിയുന്നതും നോക്കി നോക്കിയിരുന്നപ്പോൾ ചിലർ എനിക്ക് നൊസ്സാണെന്ന് പറഞ്ഞു. എന്റെ ആൽമരത്തെ വിശ്വാസത്തിന് വിലങ്ങുതടിയായി കണ്ടവർ അതിന്റെ തളിർത്തണ്ടൊടിച്ച് വിശ്വാസത്തോട് കൂറുപുലർത്തി. വിശ്വാസവും അവിശ്വാസവും വിവേചിച്ചറിയാത്ത നാൽക്കാലികൾ അതിന്റെ തളിർ തിന്ന്, തൊലി കാർന്ന്, മോക്ഷപ്രാപ്തികളായി. 

ഞാന്‍ ദ്വീപു വിടുന്നതുവരെ ആൽമരം എനിക്ക് കൂട്ടായി. കടുത്ത ഏകാന്തതയുടെ നാളുകളിൽ, ഒറ്റപ്പെടലിന്റെയും  തീവ്രനിരാസത്തിന്റെയും ആ ദിനങ്ങളിൽ,  എന്റെ ശിരസിന്  മുകളിൽ തണുപ്പുള്ള ചെറിയൊരു ചോലയായി  അത് നിന്നു. ഈ ആൽമരത്തിന്റെ തൊട്ടടുത്തായിരുന്നു ഓപ്പണ്‍ ജയിലെന്ന് വിശേഷിപ്പിക്കാവുന്ന ദ്വീപിലെ എന്റെ ക്വാർട്ടേഴ്സ്. അതിന്റെ പടിക്കരികിലിരിക്കുമ്പോൾ എന്നും ഈ മരം എനിക്ക് കൂട്ടായിരുന്നു. മനുഷ്യരേക്കാളും മൃഗങ്ങളേക്കാളും നല്ല കൂട്ട്.

മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ദ്വീപിലേക്ക് തിരിച്ചെത്തുമ്പോൾ പഴയമുഖങ്ങളെയൊന്നും കാണണമെന്നാഗ്രഹിച്ചില്ല. കാണാനാഗ്രഹിച്ചത് ഈ ആൽമരത്തെ മാത്രം. കണ്ടു. അത് വന്മരമായി വളർന്നിരിക്കുന്നു. മുടിയും ജഡയും വളർന്ന് ഒരു മുനിയുടെ രൂപം കൈവരിച്ചിരിക്കുന്നു. മുകളിൽ വേരും താഴെ കൊഴിഞ്ഞ ഇലകളും. ഉണങ്ങിയ ആത്മീയതയും തഴച്ചുവളരുന്ന ഭൗതികതയും…

ഇന്ന്  ലക്ഷദ്വീപ് ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ സംരക്ഷണത്തിൽ, സ്മരണകളുടെ ശാഖോപശാഖകൾ പടർത്തി, പഥികർക്ക് തണലായും പക്ഷികൾക്ക് ചേക്കേറാനൊരിടമായും എന്റെ ആൽമരം നിൽക്കുന്നു…