തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആഗസ്റ്റ് ഒന്നു മുതല്‍ മെഡിക്കോ ലീഗല്‍ കേസുകളില്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊല്ലം, പത്തനംതിട്ട ,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും മെഡിക്കോ ലീഗല്‍ കേസുകളില്‍ ഇവിടുത്തെ സേവനം ഉപയോഗിക്കാവുന്നതാണ്. മെഡിക്കല്‍ കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അത്യാധുനിക മോര്‍ച്ചറി കോംപ്ലസ് സജ്ജമാക്കിയിരിക്കുന്നത്. ഫോറന്‍സിക് മെഡിസിനില്‍ ഉപരി പഠനത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സാധിക്കും. ഏറ്റവും അത്യാധുനികമായ 2 ഇലട്രിക് ടേബിളുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോമെറ്റിക്കായി കഴുകാനുള്ള സംവിധാനം, വെള്ളത്തിന്റെ ക്രമീകരണം, ഉയര ക്രമീകരണം തുടങ്ങിയവ ഈ ടേബിളിന്റെ പ്രത്യേകതയാണ്. എം.സി.ഐ. നിഷ്കര്‍ഷിക്കുന്ന ക്ലാസ് മുറി, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഗ്യാലറി, ഇന്‍ക്വസ്റ്റ് റൂം, പോലീസുകാര്‍ക്കുള്ള മുറി,വെയിറ്റിംഗ് റൂം, സെമിനാര്‍ ഹാൾ തുടങ്ങിയവയാണ് മോര്‍ച്ചറി കോപ്ലക്സിന്റെ സവിശേഷത.
16 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 16 ഓട്ടോമെറ്റിക് മോഡ്യുലാര്‍ കോള്‍ഡ് ചേമ്പര്‍ ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓരോ ചേമ്പറും സ്വതന്ത്രമായി സജ്ജീരിച്ചിരിക്കുന്നത് കൊണ്ട് ഓരോ മൃതദേഹത്തിനും മതിയായ ശീതികരണം നല്കാന് സാധിക്കുന്നു.
പോലീസുകാര്‍ക്ക് സിലബസിന്റെ ഭാഗമായി നിര്‍ബന്ധമായും ഫോറന്‍സിക് മെഡിസിന് പഠനം ഉള്ളതിനാല്‍ അവര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍, മജിസ്ട്രേട്ടുമാര്‍ എന്നിവര്‍ക്കും പരിശീലനം നല്കുന്ന സൗകര്യം ലഭ്യമാണ്. ആരോഗ്യ സര്‍വകലാശാലയുടെ ആയുര്‍വേദ, ഹോമിയോ അടക്കമുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗക്കാര്‍ക്കും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഡോക്ടര്‍മാര്‍ക്കും ഫോറന്‍സിക് മെഡിസിനിലുള്ള പരിശീലനത്തിന് ഇവിടത്തെ ഫോറന്‍സിക് മെഡിസിന് വിഭാഗവും പോലീസ് സര്‍ജന്റെ ടീമും സജ്ജമാണ്. കൂടാതെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കാണാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ സാധാരണക്കാരുടേയും തൊഴിലാളികളുടേയും പ്രധാന ചികിത്സാ കേന്ദ്രമായി കൊല്ലം മെഡിക്കല്‍ കോളേജിനെ വികസിപ്പിക്കാനുള്ള തീവ്ര പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിരന്തരമായ സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് 110 എം.ബി.ബി.എസ്. സീറ്റുകള്‍ നേടിയെടുത്തത്. കാത്ത്ലാബ്, ഡയാലിസിസ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നത് അന്തിമ ഘട്ടത്തിലാണ്. കൊല്ലത്തെ ജനങ്ങളുടെ സ്വപ്നമായിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇന്ന് മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.