സോമപുര സർവകലാശാല -പാല രാജവംശത്തിന്റെ മഹാവിദ്യാലയം

0
97

ഋഷി ദാസ്

വർത്തമാനകാല ബംഗ്ളാദേശിന്റെ ഭൂഭാഗത്തു നിലനിന്നിരുന്ന ഒരു പ്രാചീന ഭാരതീയ വിശ്വ വിദ്യാലയമാണ് സോമപുര സർവകലാശാല . ഇപ്പോഴുള്ള ഇന്ത്യ- ബംഗ്ളാദേശ് അതിർത്തിയിൽ ഏതാനും കിലോമീറ്റർ ബംഗ്ളാദേശിനുള്ളിലാണ് സോമപുര സർവകലാശാല .വിഭജനത്തിൽ പാകിസ്ഥാനിലായ ഈ സർവകലാശാലയുടെ ശേഷിപ്പുകൾ പാക്കിസ്ഥാൻ ഒട്ടൊക്കെ നശിപ്പിച്ചുവെങ്കിലും അവശേഷിക്കുന്നവ യുനെസ്കോ അംഗീകരിച്ച ഒരു ലോക പൈതൃകമായി ഇപ്പോഴും നിലനിൽക്കുന്നു.

ലഭ്യമായ തെളിവുകൾ പ്രകാരം , പാല രാജവംശത്തിലെ ധർമ്മ പാല രാജാവാണ് ( CE 781- 821) സോമപുര യൂണിവേഴ്സിറ്റി സ്ഥാപിച്ചത് .സനാതന ,ബൗദ്ധ ,ജൈന ചിന്താധാരകളുടെ അധ്യയനമായിരുന്നു ഇവിടുത്തെ പ്രധാന പാഠ്യവിഷയം . ധർമപാല രാജാവിന്റെ പിന്തുടർച്ച ഭരണാധികാരിയായ ദേവപാല രാജാവ് ഈ സർവകലാശാലയുടെ വികസനത്തിൽ വലിയ പങ്കു വഹിച്ചു .

ഇരുപത്തൊന്ന് ഏക്കർ പരന്നുകിടക്കുന്ന പാഠശാലകളുടെ സമുച്ചയമാണ് സോമപുര സർവകലാശാല .കെട്ടിടങ്ങളുടെ രൂപകല്പനയിൽ ബർമീസ് സ്വാധീനം ദർശിക്കുന്നവരും കുറവല്ല . ബർമയിൽ നിന്നുള്ള വാസ്തു വിദഗ്ധരും ഈ സർവകലാശാലയുടെ നിർമാണത്തിൽ പങ്കു വഹിച്ചിരുന്നിരിക്കാം .സോമപുര മഹാവിദ്യാലയം ഒരു മഹാ ക്ഷേത്രത്തിനു ചുറ്റുമാണ് പണികഴിപ്പിക്കപ്പെട്ടിരുന്നത് .ആ ക്ഷേത്രം സമ്പൂർണമായും തകർക്കപ്പെട്ട നിലയിലാണ് . ഈ സർവകലാശാല നശിപ്പിച്ച വൈദേശിക ശക്തികൾ അവിടുത്തെ ക്ഷേത്രം പൂർണമായും നശിപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തി എന്ന് വേണം കരുതാൻ .

നാല് നൂറ്റാണ്ടുകാലം ഈ സർവകലാശാല തലയുയർത്തി നിന്നു. നളന്ദയെയും വിക്രമശിലയെയും ആക്രമിച്ചു തകർത്ത അതെ ശക്തികൾ ,അതെ കാലത്തുതന്നെയാണ് സോമപുര സർവ്വകലാശാലയെയും തകർത്തു, ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കിയത് .യുനെസ്കോ അംഗീകരിച്ച ഈ ലോകപൈതൃകത്തിന്റെ സംരക്ഷണത്തിനുവേണ്ടി യുനെസ്കോ തന്നെ ധാരാളം ധനം ചെലവാക്കിയിട്ടുണ്ടെങ്കിലും ഈ സർവകലാശാലയുടെ ശേഷിപ്പുകൾ ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുകയാണ് . ഇവിടുത്തെ കലാസൃഷ്ടികൾ മിക്കതും നശിച്ചു കഴിഞ്ഞു .മഴകൊണ്ടാണ് ഇവ നശിക്കുന്നതെന്നും തങ്ങൾക്ക് ഈ പുരാതന സർവകലാശാല നിലനിർത്താനുള്ള ബാധ്യതയില്ല എന്നുമാണ് അവിടുത്തെ ഭരണാധികാരികളുടെ നിലപാട്.