ഉന്നാവ് പ്രതികൾക്ക് ബിജെപി നൽകുന്ന സംരക്ഷണം അവസാനിപ്പിക്കണം: പ്രിയങ്ക ഗാന്ധി

0
59

ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതികളായ കുല്‍ദീപ് സിങ് സെന്‍ഗാറിനും സഹോദരനും ബിജെപി നൽകുന്ന രാഷ്ട്രീയ സംരക്ഷണം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരയായ പെണ്‍കുട്ടി സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒറ്റക്ക് പോരാടുമ്പോള്‍ കുല്‍ദീപ് സെന്‍ഗാറിനെപ്പോലുള്ള ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ അധികാരത്തിന്‍റെ സംരക്ഷണം നൽകുകയാണെന്നും, ഇതവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകാണമെന്നും പ്രിയങ്ക ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

2017 ജൂണിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹോദരനും പ്രതികളായ ഉന്നാവോ പീഡനക്കേസ് പുറത്ത് വരുന്നത്. വര്‍ഷം രണ്ട് കഴിഞ്ഞു. ഇപ്പോഴും ബി.ജെ.പി അംഗത്വത്തില്‍ നിന്നോ സ്ഥാനമാനങ്ങളില്‍ നിന്നോ ഇരുവരെയും മാറ്റാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ രംഗത്ത് വന്നത്.

അതേസമയം അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടൂ. കേസില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഒരു ഏജന്‍സിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധിച്ചു. രാജ്യം ലജ്ജിച്ച് തലതാഴ്ത്തിനില്‍ക്കുകയാണെന്നും സംഭവത്തിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ലോക്സഭ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.