രാഖിയുടെ മൃതദേഹം ഡാമില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടു; പ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കുന്നു

0
64

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. രാഖിയുടെ മൃതദേഹം ഡാമില്‍ ഉപേക്ഷിക്കാനോ അല്ലങ്കില്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനുംപദ്ധതിയിട്ടതായി പ്രതികള്‍. തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ ചതുപ്പില്‍ കെട്ടിത്താഴ്ത്താനായിരുന്നു നീക്കം. എന്നാല്‍, മൃതദേഹവുമായുള്ള യാത്ര അപകടമാകുമെന്ന് തോന്നിയതോടെ വീട്ടില്‍ കുഴിച്ചിടുകയായിരുന്നു.

കേസില്‍ പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായരുടെ പങ്കും അന്വേഷിക്കുന്നു. കൊലയ്ക്ക് ശേഷം വിവരങ്ങള്‍ പ്രതികള്‍ അച്ഛനോട് പറഞ്ഞിരുന്നതായി സൂചന ലഭിച്ചു. ഇതിനായി രണ്ട് സാഹചര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് ഒളിവില്‍ പോയ അഖില്‍ ഈ മാസം 20ന് രഹസ്യമായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. 

അമ്പൂരിയിലെ വീട്ടിലെത്തി സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിനെ കണ്ടു. ഈ സമയം രാഖിയെ കൊന്ന് കുഴിച്ചിട്ട വിവരം അച്ഛനോട് പറഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ കൊല നടത്തി നാലാം ദിവസം രാഹൂല്‍ ബോധരഹിതനായി വീണിരുന്നു. ഈ സമയത്ത് രാഹൂലും കാര്യങ്ങള്‍ അച്ഛനെ അറിയിച്ചതായും സംശയമുണ്ട്.