
മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് ഇന്നു ഡിഎന്‍എ പരിശോധന. പ്രഥമ വിവര റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. പരിശോധനാഫലം രഹസ്യരേഖയായി ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണം. ബിനോയിയുടെ ഹര്‍ജി ഓഗസ്റ്റ് 26ലേക്കു മാറ്റി.
അതിനിടെ, ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളുമായി പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സത്യം പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും രക്തസാംപിള്‍ നല്‍കുമെന്നും ബിനോയിയുടെ അഭിഭാഷകന് ശിരീഷ് ഗുപ്ത കോടതിയെ അറിയിച്ചു.
ജുഹുവിലെ കൂപ്പര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണു രക്തമെടുക്കുക. പരിശോധന മുംബൈ കലീനയിലെ ഫൊറന്‍സിക് ലാബില്‍. ഫലം ലഭിക്കാന്‍ രണ്ടാഴ്ചയിലേറെ എടുക്കും. യുവതിയുടെ വക്കീല്‍ നോട്ടീസ്, പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള പരാതി എന്നിവയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുമാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്.