ഉന്നാവ് പീഡനക്കേസ്: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

0
28

ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബി.ജെ.പി. എം.എല്‍.എ.യുടെ കൂട്ടാളികളില്‍ നിന്നു നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയുടെ കുടുംബം അയച്ച കത്തിൽ സ്വമേധയാ കേസെടുക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിച്ചു. കത്ത് ഹർജിയായി നാളെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഉന്നാവോയിലെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെടുന്നതിന് 15 ദിവസം മുൻപാണ് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചത്. ജൂലൈ 12ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചയായിട്ടും ചീഫ് ജസ്റ്റീസിന്റെ ഓഫീസില്‍ ലഭിച്ചിട്ടില്ല. ഇതേ തുടർന്ന് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ കത്ത് ഹർജിയായി തന്നെ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി, കേസ് പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പെൺകുട്ടിയുടെ കുടുംബം കത്തയച്ചത്.