അഭിമന്യു കൊലപാതകം; പിടികിട്ടാപുള്ളികള്‍ എസ്ഡിപിഐ സംരക്ഷണത്തില്‍

0
33

കൊച്ചി; അഭിമന്യു കൊലപാതകക്കേസിലെ പിടികിട്ടാപ്പുള്ളികള്‍ എസ്ഡിപിഐ സംരക്ഷണയില്‍ കഴിയുന്നതിന് തെളിവുകള്‍ ലഭിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളില്‍ ഒരാളുടെ അമ്മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ ഒളിവില്‍ പോയ രണ്ടു പ്രതികളും പൊലീസിന്റെ കയ്യെത്തും ദൂരത്ത് തന്നെയെന്നാണ് സൂചനകള്‍.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ പനങ്ങാട് സ്വദേശി സഹലാണ് മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. അരൂക്കൂറ്റി സ്വദേശി മുഹമ്മദ് ഷഹീം ഒപ്പമുണ്ടായിരുന്നു എന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇരുവരും ഒളിവിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു. പ്രതികള്‍ വിദേശത്താണെന്നായിരുന്നു പൊലീസിന്റെ വാദം.

കൊലയാളികള്‍ കഴിയുന്നത് എസ്.ഡി.പി.ഐയുടെ സംരക്ഷണയിലാണെന്ന് സഹലിന്റെ മാതാവുതന്നെ വെളിപ്പെടുത്തി. പാര്‍ട്ടിയും അഭിഭാഷകരുമാണ് കാര്യങ്ങള്‍ നോക്കുന്നത്. പിടിയിലായവര്‍ക്ക് ജാമ്യം ലഭിച്ചശേഷം ഒളിവിലുള്ള രണ്ടു പേരെയും കോടതിയിലെത്തിക്കും. മകന്‍ എവിടെയുണ്ടെന്ന് ക്യത്യമായി അറിയില്ല. എന്നാല്‍ നേതാക്കള്‍ക്ക് അറിയാമെന്ന് സഹലിന്റെ അമ്മ ന്യൂസ്18 ചാനലിനോട് വെളിപ്പെടുത്തി.