
ഡച്ച്; മുഖം മറയ്ക്കുന്ന നിഖാബിനും ബുര്‍ഖയ്ക്കും നെതര്‍ലാന്റില്‍ നിരോധനം ഏര്‍പ്പെടുത്തി. വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലുമാണ് നിരോധനം ബാധകമാകുക. ഇന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
കഴിഞ്ഞവര്‍ഷം ജൂണിലാണ് ഇതുസംബന്ധിച്ച നിയമം പാസാക്കിയത്. ഒരു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിയമം പാസാക്കിയത്. നിഖാബിനു പുറമെ, ഹെല്‍മറ്റ്, ടവ്വല്‍ തുടങ്ങി മുഖം മറക്കുന്ന മറ്റു വസ്തുക്കള്‍ക്കും നിരോധനമുണ്ട്. മുഖം മറച്ചെത്തുന്നവരോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുഖം കാണിക്കാന്‍ ആവശ്യപ്പെടാം. അതിനു തയ്യാറാകാത്തവര്‍ക്കെതിരെ പ്രവേശനം നിഷേധിക്കുകയും 150 യൂറോ പിഴ ഈടാക്കുകയും ചെയ്യും.
എന്നാല്‍ നിയമം നടപ്പിലാക്കുന്നകാര്യത്തില് രാജ്യത്ത് ആശങ്ക നിലനില്‍ക്കുകയാണ്. നിഖാബ് ധരിച്ചെത്തിയവരെ പുറത്താക്കാന്‍ നിന്നാല്‍ സമയം വൈകുമെന്ന് പൊതുഗതാഗത മേഖലയിലുള്ളവര്‍ പറയുന്നു. ചികിത്സ കൊടുക്കുന്നതിനു പകരം എന്തു ചെയ്യാനാവുമെന്ന് ആശുപത്രി അധികൃതരും ചോദിക്കുന്നു. രാജ്യത്ത് 100 നും 400 നും ഇടയില്‍ സ്ത്രീകള്‍ മാത്രമാണ് ബുര്‍ഖയോ നിഖാബോ ധരിക്കുന്നത്. ഇവര്‍ക്കെതിരെയാണ് പുതിയ നിരോധനം.