അമര്‍നാഥ് തീര്‍ഥാടനപാതയില്‍ കുഴിബോംബ് ; തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും മുന്നറിയിപ്പ്‌

0
28

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ ആക്രമണത്തിനൊരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കശ്മീരിലും പഞ്ചാബ് അതിര്‍ത്തിയിലും സൈന്യം ജാഗ്രതയില്‍. അമര്‍നാഥ് തീര്‍ഥാടനപാതയില്‍നിന്നു പാക് ആയുധ ഫാക്ടറിയുടെ മുദ്രയുള്ള കുഴിബോംബും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. അമര്‍നാഥ് തീര്‍ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും വേഗം ജമ്മു കശ്മീര്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമര്‍നാഥ് തീര്‍ഥാടനം ഭീകരാക്രമണഭീഷണി നേരിടുന്നുവെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പാക്‌ സൈന്യത്തിന്റെ പിന്തുണയോടെയാണു ഭീകരരുടെ നീക്കം. തീര്‍ഥാടനം അട്ടിമറിക്കാനുള്ള പാക് സൈന്യത്തിന്റെ ഒരുശ്രമം പൊളിച്ചതായി ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജി.എസ്. ധില്ലന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തില്‍ പാകിസ്താന്റെ നേരിട്ടുള്ള പങ്കിനു തെളിവാണിതെന്നു ലഫ്. ജനറല്‍ കെ.ജി.എസ്. ധില്ലന്‍ പറഞ്ഞു. അമര്‍നാഥ് തീര്‍ഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായി സൈന്യം നടത്തിയ തെരച്ചിലിലിലാണ് സ്‌ഫോക വസ്തുക്കള്‍ കണ്ടെടുത്തത്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടക്കുന്ന നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്കു സൈന്യം തിരിച്ചടി നല്‍കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ലെഫ്. ജനറല്‍ വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരനീക്കം സജീവമാകുന്നതു കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ പതിനായിരത്തിലേറെ അര്‍ധെസൈനികരെയും വിന്യസിച്ചിട്ടുണ്ട്.