
ഗോമ : എബോള പടരുന്നതോടെ കോംഗോ ഒറ്റപ്പെടുന്നു. എബോള വൈറസ് പടരുന്നത് തടയുന്നതിനായി അയല്‍ രാജ്യമായ റുവാണ്ട കോംഗോയുമായുള്ള അതിര്‍ത്തി അടച്ചു. സൗദി അറേബ്യ കോംഗോയുമായുള്ള വിസ നടപടികള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. എബോള ബാധയെ തുടര്‍ന്ന് അയല്‍ രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഘ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് അയല്‍ രാജ്യമായ റുവാണ്ട കോഗോയുമായുള്ള അതിര്‍ത്തി അടച്ചത്. വൈറസ് രാജ്യത്തേക്ക് പടരുന്നത് തടയാനാണ് നടപടി. കോംഗോയുടെ അതിര്‍ത്തി നഗരമായ ഗോമയിലാണ് എബോള റിപ്പോര്‍ട്ട് ചെയ്തത്. എബോള ബാധിച്ച് 2 പേര് മരിച്ചു. ഒരു വയസ് മാത്രം പ്രായമുള്ള പെണ് കുഞ്ഞിനാണ് ഇന്നലെ എബോള സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട സ്ത്രീയുടെ കുഞ്ഞാണ് ഇത്.
10 ലക്ഷത്തോളം ജനം തിങ്ങിനിറഞ്ഞു ജീവിക്കുന്ന നഗരമാണ് ഗോമ. ഇവിടെ എബോള സൃഷ്ടിക്കുന്ന വെല്ലുവിളി വലുതാണ്. വൈറസാണ് രോഗത്തിനു കാരണം. പനിയെ തുടര്‍ന്നുള്ള രക്തസ്രാവമാണ് മരണത്തിലേക്കു നയിക്കുന്നത്. എബോള വൈറസ് ബാധയേറ്റ് 2018 ഓഗസ്റ്റിനു ശേഷം 1803 പേര് മരണമടഞ്ഞു. ഇവരില്‍ മൂന്നിലൊന്നും കുട്ടികളാണ്. മരിച്ചവരിലേറെയും വനിതകളുമാണ്. 2577ലേറെ പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2014- 16 ല്‍ മാത്രം പശ്ചിമാഫ്രിക്കയിൽ എബോള മൂലം മരിച്ചത് 11,300 പേരാണ്. അതിനുശേഷം ഇത്രയേറെപ്പേര്‍ രോഗം മൂലം മരിക്കുന്നത് കോംഗോയിലാണ്.
നാല്പതുകാരനായ ഒരു സ്വര്‍ണ ഖനിത്തൊഴിലാളിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഒരു വയസ്സുള്ള മകള്‍ക്കും എബോള ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എബോള രോഗബാധയുണ്ടായിരിക്കെത്തന്നെ ഇദ്ദേഹം വീട്ടിലുള്ളവരോട് അടുത്തിടപഴകിയിരുന്നു. 10 കുട്ടികളടങ്ങിയ കൂട്ടുകുടുംബവുമായിരുന്നു.
കുടുംബത്തിലെ എല്ലാവരെയും പ്രത്യേകം നിരീക്ഷണത്തിലേക്കു മാറ്റിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ആശങ്കാജനകമായ സാഹചര്യമാണ് ഇവരുടെ കാര്യത്തിലുള്ളതെന്നും വകുപ്പ് വ്യക്തമാക്കി.