മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവയിത്രി വിജയരാജമല്ലികയുടെ കവിത മദ്രാസ് സർവകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പടുത്തി

0
119

എറണാകുളം : മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവയിത്രി വിജയരാജമല്ലികയുടെ കവിത മദ്രാസ് സര്‍വകലാശാല പാഠപുസ്തകമാക്കി. മദ്രാസ് സര്‍വകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത- ഭാഗം 2 എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്.

വിജയരാജമല്ലിക എഴുതിയ ‘ദൈവത്തിന്റെ മകള്‍’ എന്ന സമാഹാരമാണ് പാഠ്യപദ്ധതിയില്‍ ഉണ്ടാവുക. ഇതേ പുസ്തകത്തിലെ മരണാനന്തരം എന്ന കവിത എംജി സര്‍വകലാശാലയും നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാലടി സര്‍വകലാശാലയില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.

60 കവിതകള്‍ അടങ്ങിയ വിജയരാജമല്ലികയുടെ നദി എന്ന സമാഹാരം ഉടന്‍ പുറത്തിറങ്ങും. ഇതോടൊപ്പം തന്റെ ആത്മകഥ രചിക്കാനുളള തയ്യാറെടുപ്പിലാണ് വിജയരാജമല്ലിക. തൃശൂര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ പാരാ ലീഗല്‍ വളണ്ടിയറും കൂടിയാണ് വിജയരാജമല്ലിക.

കേരളത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡർ കവിയത്രിയുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. വിജയരാജമല്ലികയുടെ ആദ്യ കവിതാ സമാഹാരമാണ് ദൈവത്തിന്റെ മകള്‍. തൃശൂര്‍ അമല സ്വദേശി മനു ജയ കൃഷ്ണന്‍, വിജയരാജമല്ലികയായി മാറുന്നതിനിടയില്‍ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് കവിതയുടെ ഉള്ളടക്കം. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഈ കവിതയില്‍ ചര്‍ച്ചയാകുന്നുണ്ട്.