സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ഹൈക്കോടതി

0
29

കൊച്ചി ; സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി ഹൈക്കോടതി. അക്രമികള്‍ കൊലപാതകം നടത്തുന്ന മാര്‍ഗങ്ങള്‍ നടുക്കുന്നവയെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ കുറ്റവാളികളെ എത്രയും വേഗം പിടികൂടി വിചാരണ നടത്തി ശിക്ഷിച്ചാലേ നാട്ടിലെ നിയമ നടത്തിപ്പു സംവിധാനത്തില്‍ പൗരന്മാര്‍ക്ക് വിശ്വാസമുണ്ടാവുകയുള്ളുവെന്ന് കോടതി ഓര്‍മിപ്പിച്ചു. ഷുഹൈബ് വധക്കേസ് സി.ബി.ഐ.യ്ക്ക് വിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ചെറുപ്രായത്തില്‍ നിസ്സഹായ സാഹചര്യത്തില്‍ ഷുഹൈബ് ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ അങ്ങേയറ്റം വിഷമമുണ്ട്. മട്ടന്നൂര്‍ മേഖലയില്‍ നിലവിലുണ്ടായിരുന്ന സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസിന്റെ പ്രാദേശിക ഓഫീസിനുനേരെ സി.പി.എം ആക്രമണമുണ്ടായി. അതില്‍ പ്രതിഷേധിച്ച്‌ ഷുഹൈബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതേ തുടര്‍ന്നാണ് സി.പി.എം അനുഭാവികളുടെ ആക്രമണത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ കേസന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ ഹൈക്കോടതിക്കാവുമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. എന്നാല്‍, അത് ഫെഡറല്‍ ഭരണസംവിധാനത്തിലെ ഇടപെടലാകരുത്.

ന്യായവും നിഷ്പക്ഷവുമായ അന്വേഷണം സര്‍ക്കാരിന്റെ ചുമതലയാണ്. നീതിയുക്തമല്ലാത്ത അന്വേഷണം നിയമ നടത്തിപ്പിനെ പരിഹസിക്കലാകും. പൗരാവകാശം സംരക്ഷിക്കാന്‍ കോടതിയ്ക്കുള്ള ബാധ്യതയും അധികാരവും സൂക്ഷ്മതയോടെയാണ് വിനിയോഗിക്കേണ്ടത്.

ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ചുള്ള ആക്ഷേപമാണ് സി.ബി.ഐ. അന്വേഷണത്തിന് ആധാരമായി ഉന്നയിക്കുന്നതെങ്കില്‍ ആ വ്യക്തിയെ ഹര്‍ജിയില്‍ കക്ഷിയാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.