
തിരുവനന്തപുരം : 2019 ഒക്ടോബര്‍ ഒന്നു മുതല്‍ സ്വര്ണപ്പണയത്തിന്മേല് കൃഷിവായ്പ നല്‍കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്കി. 4 ശതമാനം പലിശനിരക്കില്‍ നല്കുന്ന കാര്‍ഷിക വായ്പ അനര്‍ഹര്‍ കൈപ്പറ്റുന്നതായി സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല സംഘം കേരളത്തിലെത്തി പരിശോധന നടത്തിയിരുന്നു.
ഇനിമുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കു മാത്രം സബ്സിഡിയുള്ള കാര്‍ഷിക വായ്പ അനുവദിച്ചാല്‍ മതിയെന്നാണു തീരുമാനം. സ്വര്ണപ്പണയത്തിന്മേല് പരമാവധി 3 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ വായ്പ അനുവദിക്കുന്നത്. 9 % മാണു പലിശ നിരക്ക്. കൃത്യമായ തിരിച്ചടവുണ്ടെങ്കില്‍ 5 % പലിശ സബ്സിഡി ലഭിക്കും. ഇതില്‍ 2 % സംസ്ഥാന സര്‍ക്കാരിന്റെയും 3 % കേന്ദ്രസര്‍ക്കാരിന്റെയും വിഹിതമാണ്. ആധാറുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തിരിക്കണം.
കേരളത്തില്‍ കാര്‍ഷികവായ്പയില്‍ സിംഹഭാഗവും സ്വര്ണപ്പണയത്തിന്മേലുള്ള വായ്പയായിരുന്നു. കര്‍ഷകരല്ലാത്തവരും ഈ ആനുകൂല്യം കൈപ്പറ്റുന്നു എന്നായിരുന്നു ആക്ഷേപം.
വായ്പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകള്‍ക്കു കിട്ടിയ നിര്‍ദേശം. ബാങ്കുകള്‍ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ നല്കി. ഇനി സ്വര്‍ണപ്പണയ കൃഷിവായ്പ നല്‍കരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകള്‍ക്കുള്ള നിര്‍ദേശത്തില്‍ ബാങ്ക് മേധാവികള്‍ വ്യക്തമാക്കി.