കിംസിൽ കഴിയുന്നത് ജാമ്യം വേഗത്തിൽ കിട്ടാൻ; കിടത്തി ചികിത്സിക്കേണ്ട പരിക്ക് ശ്രീറാം വെങ്കിട്ടരാമനില്ലെന്നു വിവരം

0
1239

തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കിംസ് ആശുപത്രിയിൽ ഫൈവ് സ്റ്റാർ ചികിത്സയെന്നു ആരോപണം. ശ്രീറാം വെങ്കിട്ടരാമനെ ആദ്യം പരിശോധിച്ച ഡോക്റ്റർ പറയുന്നത് പ്രകാരം അദ്ദേഹത്തിന് കാര്യമായ പരിക്കുകളോ വിദഗ്ദ്ധ ചികിത്സ ആവശ്യമായ അസുഖങ്ങളോ ഇല്ല. എന്നിട്ടും എന്ത് അസുഖത്തിനാണ് ശ്രീറാം വെങ്കിട്ടരാമനെ ചികിത്സിക്കുന്നത് എന്ന് ഇതുവരെയും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടിയുമില്ല. ഇതാണ് ദുരൂഹത വർദ്ദിപ്പിക്കുന്നത്.

കിംസ് ആശുപത്രിയിൽ വെച്ച് രക്തത്തിൽ മദ്യത്തിന്റെ അളവ് കുറക്കാനുള്ള മരുന്ന് നൽകിയതായും സൂചനയുണ്ട്. എം ബി ബി എസ് ബിരുദധാരിയായ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രി അധികൃതരുടെ അറിവോടെയാണോ ഇത്തരം മരുന്നുകൾ ഉപയോഗിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

സാധാരണ റിമാൻഡ് പ്രതികൾക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മെഡിക്കൽ കോളേജിലോ തിരുവനന്തപുരത്തു തന്നെയുള്ള ജനറൽ ആശുപത്രിയിലോ ആണ് ചികിത്സിക്കുന്നത്. കീഴ്വഴക്കം ഇതായിരിക്കെ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാതെ പൊലീസും ശ്രീറാമിന് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

അതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന. രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് നീക്കം. മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്പെൻഷൻ നടപടികളും വൈകുകയാണ്. ഇതിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്.