
മോസ്കോ : മോസ്കോയിൽ നടന്ന പ്രതിഷേധപ്രകടനവുമായി ബന്ധപ്പെട്ട് വനിതാ പ്രതിപക്ഷ നേതാവ് ലിയുബോവ് സോബോൾ അടക്കം 600 ലധികം പ്രതിഷേധക്കാരെ റഷ്യൻ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ റാലിയിൽ പങ്കെടുക്കാനായി ടാക്സിയിൽ പോകാനൊരുങ്ങിയ ലിയുബോവിനെ പോലീസ് ഓഫീസർമാർ പിടിച്ചിറക്കി കറുത്ത വാനിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
റാലിയിൽ 1500 പേർ പങ്കെടുത്തു. സെപ്റ്റംബർ 8 ലെ മോസ്കോ നഗരസഭാ തെരഞ്ഞെടുപ്പിൽ ഒരു കൂട്ടം പ്രതിപക്ഷ സ്ഥാനാർഥികളെ കാരണമില്ലാതെ അയോഗ്യരാക്കിയതിന്റെ പേരിലാണ് പ്രതിഷേധം. അഭിഭാഷകയും വീഡിയോ ബ്ലോഗറുമായ ലിയുബോവും അയോഗ്യരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്ന ലിയുബോവ് 21 ദിവസമായി ആഹാരം കഴിക്കാതെ പ്രതിഷേധിക്കുകയാണ്.
നിരോധനം ലംഘിച്ചു തെരുവിൽ പ്രതിഷേധിക്കുന്നതിന്റെ പേരിലാണ് അറസ്റ്റെന്നു മോസ്കോ അധികൃതർ പറഞ്ഞു. പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണു ഭരണകൂടം ശ്രമിക്കുന്നതെന്നും അവകാശങ്ങൾക്കായി മോസ്കോ നിവാസികൾ തെരുവിലിറങ്ങണമെന്നും ലിയുബോവ് അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പ് പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന വൻ പ്രകടനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രസിഡന്റ് പുടിന്റെ വിമർശകനായ പ്രതിപക്ഷനേതാവ് അലക്സി നവൽനിയെ നേരത്തെ തടവിലാക്കിയിരുന്നു.