
തിരുവനന്തപുരം : ജമ്മു കാശ്മീരിന് വിശേഷ അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ വിമർശിച്ച് സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഫാസിസം അതിന്റെ തനിസ്വരൂപം പ്രകടമാക്കിക്കഴിഞ്ഞെന്നും വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.
ഭരണകൂടം രാജ്യത്തോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. പാർലമെന്റിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു.
ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ഫാസിസ്റ്റുകളാണ്. ഇപ്പോഴിതാ, ഫാസിസം അതിന്റെ തനിസ്വരൂപം പ്രകടമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ഇക്കാര്യത്തിൽ ആർക്കെങ്കിലും സംശയത്തിന് ന്യായമില്ല, വി.എസ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഫാസിസ്റ്റുകൾ തകർക്കാനാരംഭിച്ചിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെ ഫാസിസത്തിന്റെ ഇരുണ്ട യുഗത്തിലേക്കു വലിച്ചിഴയ്ക്കുന്നതിനെതിരെ ഇന്ത്യയിലെ ജനങ്ങളാണ് ഇനി പ്രതികരിക്കേണ്ടതെന്നും വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.