ശ്രീറാമിന്റെ കാര്യത്തിൽ പൊലീസുകാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് മുല്ലപ്പള്ളി; ‘വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥ’

0
48

തിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിച്ചുകളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉള്ളതെന്നും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ രാത്രി ജീവിതവും സർക്കാർ മനസ്സിലാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതേസമയം റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലാക്കി. ശ്രീറാമിനെ ആദ്യം സര്‍ജിക്കല്‍ ഐസിയുവിലാക്കിയിരുന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

കുറ്റം നിഷേധിച്ച ശ്രീറാം നരഹത്യയ്ക്കുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായ രക്തപരിശോധനാഫലവും ഇന്ന് പുറത്തുവരും. സംഭവം നടന്ന് 9 മണിക്കൂറിനുശേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തം പരിശോധനയ്ക്കച്ചത്. കെമിക്കല്‍ ലാബിലെ പരിശോധനാഫലം കഴിഞ്ഞദിവസം അനൗദ്യോഗികമായി പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്. ഇതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് സൂചന.