
ഇന്ത്യയുടെ യുവ പേസ് ബൗളര്‍ നവദീപ് സെയ്നിക്കു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ ശിക്ഷ വിധിച്ചു. .മാച്ച് റഫറി ജെഫ് ക്രോയാണ് സെയ്നിക്ക് ഡീമെറിറ്റ് പോയന്റ് നല്‍കിയത്. തെറ്റു അംഗീകരിച്ചതിനാല്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ജെഫ് ക്രോ തീരുമാനിക്കുകയായിരുന്നു. നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും.
ഇന്ത്യ വിജയിച്ച ആദ്യ ട്വന്റി 20 മത്സരത്തില്‍ നിക്കോളാസ് പുരനെ പുറത്താക്കിയ ശേഷമുള്ള വികാരപ്രകടനമാണ് സെയ്നിക്ക് വിനയായത്. മത്സരത്തിന്റെ അഞ്ചാം ഓവറിലെ നാലാമത്തെ പന്തില്‍ പുരന് സെയ്നിയുടെ ബൗളിങില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ വിന്‍ഡീസ് താരത്തെ കളിയാക്കുന്ന തരത്തിലാണ് സെയ്നി വിക്കറ്റ് നേട്ടം ആഘോഷിച്ചത്.