
ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ നാണം കെട്ട പ്രകടനം ഫാഫ് ഡുപ്ലെസിസിന്റെ നായക സ്ഥാനം തെറിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ അവരുടെ ടെസ്റ്റ് ടീം നായകനായി ഡുപ്ലെസിസ് തന്നെ തുടരുമെന്ന് ഉറപ്പായി. ഇന്ന് ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന്റെ ആക്ടിംഗ് ഡയറക്ടര്‍ കോറി വാന്‍ സിലാണ് ഡുപ്ലെസിസ് ടെസ്റ്റ് ടീം നായകനായി തുടരുമെന്നും അദ്ദേഹം തന്നെ ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ ടീമിനെ നയിക്കുമെന്നും പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ദക്ഷിണാഫ്രിക്കയുടെ നായകന് ആരാകും എന്നതിനെ ചുറ്റിപ്പറ്റി നിന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.
അതേ സമയം ടെസ്റ്റ് ടീമിന്റെ നായകനായി നിലനിര്‍ത്തിയെങ്കിലും ഏകദിനത്തില്‍ ഡുപ്ലെസിസിന് ക്യാപ്റ്റന്‍സി നഷ്ടമായേക്കുമെന്നാണ് സൂചനകള്‍.
2023 ലോകകപ്പ് മുന്നില്‍ കാണേണ്ടത് അത്യാവശ്യമാണ്. വ്യക്തമായ പദ്ധതികള്‍ അടുത്ത ലോകകപ്പില്‍ ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള സമീപനത്തോടെയാകും ക്യാപ്റ്റനെ നിയമിക്കുക. നാളെ സെലക്ഷന് മീറ്റിങ് ഉണ്ട് അടുത്ത ദിവസം അക്കാര്യത്തില്‍ തീരുമാനമാകുമെന്നും ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ കൂട്ടിചേര്‍ത്തു.