ദുരന്തനിവാരണം, ജനകീയ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കാൻ കുടുംബശ്രീയുടെ മാതൃക സർവ്വേ

0
178

തിരുവനന്തപുരം : ദുരന്തനിവാരണത്തിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും കേരളമാതൃക ഒരുക്കി കുടുംബശ്രീ. പ്രളയം ഏറ്റവും അധികം ബാധിച്ച ഏഴു ജില്ലകളിൽ പ്രളയ നഷ്ടങ്ങളുടെ കണക്കെടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. യൂനിസെഫ്, കില, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെയാണ് കണക്കെടുപ്പ്. ജെപിപി എന്നാണ് പുതിയ സർവേയുടെ പേര്. ജനകീയ പങ്കാളിത്തവും പുനർനിർമ്മാണവും എന്നാണ് ഇതിന്റെ പൂർണ്ണ രൂപം. ആലപ്പുഴ കോട്ടയം പത്തനംതിട്ട ഇടുക്കി എറണാകുളം തൃശൂർ വയനാട് എന്നീ ജില്ലകളിലാണ് സർവ്വേ.

മുൻ ചീഫ് സെക്രട്ടറി ആയിരുന്ന എസ് എം വിജയാനന്ദിന്റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതി ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭര സ്ഥാപനങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ നേരിട്ടെത്തിയാണ് വിവരം ശേഖരിക്കുക. പ്രതികളുടെയും ലഭിച്ച സഹായങ്ങളുടെയും താൽസ്ഥിതിയും സർവേയിൽ രേഖപ്പെടുത്തും.

പ്രളയത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെയും കുട്ടികളുടെയും ഇപ്പോഴത്തെ സ്ഥിതിയും ഇതിൽ വിലയിരുത്തും. അഭിപ്രായ ശേഖരണവും സർവേയുടെ ഭാഗമാകും. 60 രാജ്യങ്ങളിൽ എ എ പി സർവ്വേ നടന്നിട്ടുണ്ടെങ്കിലും ഒരു സർക്കാർ ഏജൻസി നടത്തുന്നത് ലോകത്താദ്യം ആകാമെന്നാണ് യുനെസ്കോ കേരള കോർഡിനേറ്റർ ജോബ് സഖറിയ പറയുന്നത്. ഇത് മറ്റു സംസ്ഥാനങ്ങൾക്കും ലോകത്തിനു തന്നെയും മാതൃക ആണെന്നും അദ്ദേഹം പറഞ്ഞു.

അയൽ സംസ്ഥാന തൊഴിലാളികൾ, മൽസ്യബന്ധന തൊഴിലാളികൾ, അവശത അനുഭവിക്കുന്ന വിഭാഗങ്ങൾ, എസ് സി / എസ് ടി വിഭാഗം, സ്ത്രീകൾ, വയോധികർ ഇങ്ങനെ വിവിധ വിഭാഗത്തിലുള്ള ആളുകളുമായി കുടുംബശ്രീ പ്രവർത്തകർ പ്രത്യേക കൂടിക്കാഴ്ച്ച നടത്തും.