ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ വിടണമെന്ന പോലീസിന്റെ ആവശ്യം തള്ളി; തള്ളിയത് ആശുപത്രിയിൽ കഴിയുന്നതിനാൽ

0
349

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ വിടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി. ശ്രീറാം ചികിത്സയിൽ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ കോടതി തള്ളിയത്.

നേരത്തെ കേസ് പരിഗണിക്കവെ മ്യൂസിയം ക്രൈം എസ് ഐയെ പ്രതി ചേർക്കണമെന്ന് സിറാജ് മാനേജ്‌മെന്റ് കോടതിൽ ആവശ്യം ഉന്നയിച്ചു. കൂടാതെ കോടതിയുടെ പ്രത്യേക നിരീക്ഷണം കേസ് അന്വേഷണത്തിൽ ഉണ്ടായിരിക്കണമെന്നും സിറാജ് മാനേജ്‌മന്റ് ആവശ്യപ്പെട്ടു.

അതെ സമയം വാഹനമോടിച്ചത് ശ്രീറാം തന്നെയെന്ന് സ്ഥിരീകരിക്കാനുള്ള വിരലടയാള പരിശോധനയും ഇതുവരെയും നടന്നിട്ടില്ല. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസ് വിരലടയാളം എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കയ്യില്‍ പരുക്കും മറ്റേകയ്യില്‍ ട്രിപ്പും ഇട്ടിരിക്കുകയാണെന്ന പേരില്‍ ഡോക്ടര്‍മാര്‍ തടയുകയായിരുന്നു. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയപ്പോഴും ഇതേ നിലപാടാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്.

എന്നാൽ ഇന്നലെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതില്‍ ശ്രീറാം തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. കൂടാതെ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകര്‍ ആംബുലന്‍സില്‍ കയറി ഒപ്പിടീപ്പിക്കുകയായിരുന്നു. . ഇതോടെ വിരലടയാളം എടുക്കുന്നതിന് തടസമാകുന്ന പരുക്ക് കയ്യിലില്ലെന്നും പരിശോധന ഒഴിവാക്കാനുള്ള നീക്കമാണ് ഡോക്ടര്‍മാരുടെ സഹായത്തോടെ നടക്കുന്നതെന്നും വ്യക്തമായി.