
ഗയാന: വിന്‍ഡീസിനെതിരെ അവസാന മത്സരവും അനായാസം ജയിച്ചടക്കി കുട്ടിക്രിക്കറ്റില്‍ കോഹ്ലിപ്പടയുടെ തേരോട്ടം. പരമ്ബരയിലെ ആദ്യ രണ്ടും ജയിച്ച് ഗയാനയിലെ പ്രോവിഡന്‍സില്‍ ഇറങ്ങിയ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്ബൂര്‍ണ ആധിപത്യം നിലനിര്‍ത്തിയാണ് ജയവും പരമ്ബരയും അടിച്ചെടുത്തത്. വിന്‍ഡീസ് ബൗളിങ്ങിനെ നിര്‍ദയം പ്രഹരിച്ച് അര്‍ധ സെഞ്ച്വറി കുറിച്ച നായകന് വിരാട് കോഹ്ലിയും (59) വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും (65) ഇന്ത്യന്‍ ബാറ്റിങ്ങിെന്റ നെടുംതൂണായി.
തുടക്കത്തിലേ വിക്കറ്റ് കളഞ്ഞ ശിഖര്‍ ധവാനും പിറകെ മടങ്ങിയ രാഹുലും നിര്‍ത്തിയിടത്തുനിന്നായിരുന്നു ഇരുവരുടെയും കുതിപ്പ്. തുടക്കം മഴ മുടക്കിയ മത്സരത്തില്‍ 147 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. സുനില്‍ നരെയ്ന് (രണ്ട്), ഇവിന്‍ ലൂയീസ് (പത്ത്), ഹെറ്റ്മെയര്‍ (ഒന്ന്) എന്നിവരെ പുറത്താക്കിയ ദീപക് ചാഹറാണ് ഇന്ത്യക്ക് മിന്നുന്ന തുടക്കം നല്‍കിയത്. നാലാം വിക്കറ്റില്‍ നിക്കോളസ് പൂരാനും കീറന്‍ പൊള്ളാര്‍ഡും ചേര്‍ന്ന് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
45 പന്തില്‍ ഒരു ബൗണ്ടറിയും ആറ് സിക്സറും അടങ്ങുന്നതായുന്നു പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്. ഇന്ത്യക്കായി നവനീത് സെയ്നി രണ്ടും രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റും വീഴ്ത്തി. മഴയെ തുടര്‍ന്ന് വൈകിയാണ് മത്സരം തുടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്ബര നേടിയിരുന്നു.