ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിനെതിരായ കന്യാസ്​ത്രീകളുടെ സമരത്തിൽ പ​ങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി

0
25

ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിനെതിരായ കന്യാസ്​ത്രീകളുടെ സമരത്തിൽ പ​ങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്നാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയത്. രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് തീരുമാനമറിയിച്ചത്. ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്‌തെന്നാണ് വിവരം.

കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു.

നിരവധി തവണ മുന്നറിയിപ്പ്​ നൽകിയിട്ടും സിസ്​റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക്​ തൃപ്​തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്​റ്റർക്ക്​ സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനിൽ നിന്ന്​ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ്​ ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും​ കത്തിൽ പറയുന്നു.