
ട്വന്റി 20 പരമ്ബര തൂത്തുവാരിയ ഇന്ത്യ
ഇന്ന് വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനിറങ്ങുന്നു ഗയാനയിലെ പ്രൊവിഡന്‍സിലാണ് ആദ്യ കളി. മഴ ഭീഷണിയുണ്ട്.
വിന്‍ഡീസിനെ ലോകകപ്പില്‍ എളുപ്പത്തില്‍ കീഴടക്കിയിട്ടുണ്ട് ഇന്ത്യ. ജാസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് നിര ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. ട്വന്റി–20യില്‍ കളിക്കാത്ത ക്രിസ് ഗെയ്ല് തിരിച്ചെത്തുന്നത് വിന്‍ഡീസിന് പ്രതീക്ഷ നല്കുന്നു.പുതുമുഖങ്ങളായിരുന്നു ട്വന്റി–20യില്‍ ഇന്ത്യക്ക് സമ്ബൂര്ണജയം നല്‍കിയത്. ഏകദിനത്തിലും പരീക്ഷണങ്ങള്‍ തുടരും. ലോകകപ്പിന് മുമ്ബ് തുടങ്ങിയ നാലാം നമ്ബറിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്.
പരിക്കുമാറിയ ശിഖര്‍ ധവാന് ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ലോകേഷ് രാഹുല്‍ നാലാം നമ്ബറില്‍ കളിക്കാനാണ് സാധ്യത. ലോകകപ്പിന്റെ ആദ്യഘട്ടത്തില്‍ ഇപ്രകാരമായിരുന്നു ബാറ്റിങ് നിര. ധവാന് പരിക്കേറ്റ് മടങ്ങിയപ്പോള്‍ രാഹുല്‍ ഓപ്പണറായി. നാലാം നമ്ബറില്‍ ഋഷഭ് പന്ത് വന്നു.
സ്ഥിരതയില്ലാത്തതാണ് പന്തിന്റെ പ്രശ്നം. അഞ്ച്, ആറ് നമ്ബറുകളിലൊന്നായിരിക്കും വിന്‍ഡീസിനെതിരെ പന്തിന്റെ സ്ഥാനം. മഹേന്ദ്ര സിങ് ധോണിയുടെ അഭാവത്തില്‍ വിക്കറ്റിന് പിന്നില്‍ പന്തിനാണ് ചുമതല.
ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും വിശ്രമത്തിലാണ്. കേദാര്‍ ജാദവിന് വീണ്ടും അവസരം കൊടുത്തേക്കും. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരും നാലാം നമ്ബര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരാണ്. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയെയും യുശ്വേന്ദ്ര ചഹാലിനെയും കളിപ്പിക്കും. പേസ് വിഭാഗത്തില്‍ ജസ്പ്രീത് ബുമ്രയില്ല. ലോകകപ്പിനുശേഷം ബുമ്രയ്ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ്. ടെസ്റ്റ് പരമ്ബരയില്‍ തിരിച്ചെത്തും.
ട്വന്റി–20 പരമ്ബരയില്‍ തിളങ്ങിയ നവ്ദീപ് സെയ്നി ഏകദിനത്തിലും അരങ്ങേറാനൊരുങ്ങുകയാണ്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും പേസ് നിരയിലുണ്ട്.
ഗെയ്ലിന്റെ വരവ് വിന്‍ഡീസ് ബാറ്റിങ് നിരയുടെ കരുത്തുകൂട്ടും. കനഡ ട്വന്റി–20 ലീഗില്‍ സെഞ്ചുറി നേടിയാണ് ഗെയ്ലിന്റെ വരവ്. ലോകകപ്പോടെ വിരമിക്കുമെന്നു പറഞ്ഞ ഈ ഓപ്പണര്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
നിക്കോളാസ് പൂരന്, ഷിംറോണ്‍ ഹെറ്റ്മെയര്‍, എവിന്‍ ലൂയിസ് എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റ് പ്രധാനികള്‍. ഓള് റൗണ്ടര്‍മാരായി ക്യാപ്റ്റന്‍ ഹോള്‍ഡറും റോസ്റ്റണ്‍ ചേസും കീമോ പോളുമുണ്ട്. പേസര്‍മാരില്‍ ഷെല്‍ഡണ്‍ കോട്രെലാണ് ശ്രദ്ധേയതാരം.