കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന ബോംബ് കടിച്ചെടുത്ത നായ്ക്കൾ തലചിതറി ചത്തു

0
50

കണ്ണൂര്‍ : കടിച്ചെടുത്ത നാടന്‍ ബോംബ് പൊട്ടിത്തെറിച്ച്‌ രണ്ടു നായകള്‍ ചത്തു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചിരുന്ന ബോംബുകളാണ് നായ്ക്കൾ കടിച്ചെടുത്തപ്പോൾ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഇവയുടെ തല ചിതറിത്തെറിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ചുണ്ട-അമ്മാറമ്പ് കോളനി റോഡിനു സമീപമാണ് സംഭവം. റബ്ബര്‍ത്തോട്ടത്തിലേക്കു പോവുകയായിരുന്ന യുവാവിന്റെ കൂടെപ്പോയ രണ്ടു നായകളാണ് ചത്തത്.

പ്ലാസ്റ്റിക് സഞ്ചികളില്‍ പൊതിഞ്ഞ നിലയിലാണ് ബോംബുകള്‍ ഒളിപ്പിച്ചിരുന്നത്. ആദ്യത്തെ നായ കുറ്റിക്കാട്ടില്‍ നിന്ന് ബോംബ് കടിച്ചെടുത്തപ്പോള്‍ അത് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ നായയുടെ തല ചിതറി ഉടലില്‍നിന്നു വേര്‍പെട്ടു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും നോക്കിനില്‍ക്കെ അടുത്തുള്ള കുറ്റിക്കാട്ടില്‍നിന്ന് മറ്റൊരു പൊതി കടിച്ചെടുത്തു വന്ന രണ്ടാമത്തെ നായയുടെ വായിലിരുന്നും ബോംബ് പൊട്ടുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പോലിസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് തിരച്ചില്‍ നടത്തി. സംഭവസ്ഥലത്തുനിന്ന് പോലിസ് മറ്റൊരു ബോംബും കണ്ടെടുത്തു. ഇത് നിര്‍വീര്യമാക്കി.