പ്രകോപനവുമായി പാകിസ്ഥാന്‍; ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്തി, വ്യോമപാത അടച്ചിട്ടു,ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചു

0
82

ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ പ്രകോപനപരമായ നിലപാടുമായി പാകിസ്ഥാന്‍. പ്രതികാര നടപടിയായി ഇന്ത്യയുമായുള്ളനയതന്ത്ര ബന്ധം തരംതാഴ്ത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും പാകിസ്ഥാന്‍ മുന്‍കയ്യെടുത്ത് നിര്‍ത്തിവെച്ചു.

മാത്രമല്ല വ്യോമപാതകളിലൊന്ന് അടയ്ക്കുകയും ചെയ്തു. ഇതുമൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതിനാല്‍ 12 മിനിറ്റ് അധികം വേണ്ടി വരുമെന്നു എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയതിന് പിന്നാലെയാണു നടപടി. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണറെ മടക്കിവിളിച്ചിട്ടുമുണ്ട്

ജമ്മുകശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കുകയും മേഖലയെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെയാണ് ഇത്. ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സാഹചര്യം വിലയിരുത്താന്‍ ബുധനാഴ്ച വൈകിട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീര്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി.