
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്ഥനയിലുമുള്ളതെന്ന് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചതായും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍, തന്റെ സന്ദര്‍ശനം രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും പൗരന്മാരോടും എന്‍.ജി.ഒകളോടും വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാമ്ബത്തിക പുനരധിവാസ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.