ദേശീയ പദവി കളയരുതെന്ന ആവശ്യവുമായി സിപിഐ യും തൃണമൂലും

0
74

ന്യൂ ഡല്‍ഹി : ദേശീയ പാര്‍ട്ടി പദവി എടുത്തുകളയരുതെന്ന് സി.പി.ഐയും തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് ഇരുപാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മോശം പ്രകടനത്തെ തുടർന്ന് പദവി നഷ്ടപ്പെടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കമ്മിഷന്‍ നോട്ടീസയച്ചിരുന്നു.

രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് കമ്മിഷന്‍ മുമ്പാകെ സി.പി.ഐ അറിയിച്ചു. പാര്‍ട്ടിയുടെ ചരിത്രവും സ്വാതന്ത്ര്യസമരകാലം മുതല്‍ക്കുള്ള പാരമ്പര്യവും പാര്‍ട്ടി വിശദീകരിച്ചു.

മൂന്നു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടുണ്ടെന്നും സി.പി.ഐ അറിയിച്ചു. തങ്ങളുടെ വിശദീകരണം കമ്മിഷന്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.