വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: ദുരന്തനിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടു

0
38

കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ ഉരുള്‍പ്പൊട്ടലെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇങ്ങോട്ടേക്കുള്ള ഗതാഗതം ദുഷ്‌കരമാണ്. പുത്തുമലയിലെ ഉരുള്‍പ്പൊട്ടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൈന്യവും ദുരന്തനിവാരണ സേനയും ഇങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ വീടുകള്‍ ഉള്ള മേഖലയാണ് ഇത്. അതിശക്തമായ മഴയാണ് വയനാട് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ഉച്ച മുതൽ മഴ ശക്തിപ്പെടുകയായിരുന്നു.വയനാട് മഴ കനത്തതിനെ തുടർന്ന് നിരവധി പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പുത്തുമലയിൽ ഉരുൾപ്പൊട്ടലുണ്ടായത്. ഇവിടെ പള്ളിയും അമ്പലും ചില കടകളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ മണ്ണിനടിയിലാണ്. എത്ര പേർ ഇവിടെ ഉണ്ടായിരുന്നു, എത്ര പേർ രക്ഷപ്പെട്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും വ്യക്തമല്ല. രണ്ട് പാടികളിലായി 40 ഓളം പേർ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. സെെന്യത്തിന്റെ സഹായം അടിയന്തരമായി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ആറ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇടുക്കിയിൽ മൂന്ന് പേരും തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒരോരുത്തരും മരിച്ചു. സംസ്ഥാനത്തൊട്ടാകെ 122 ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. 2337 കുടുംബങ്ങളിലായി 8110 പേര്‍ ക്യാംപുകളിലുണ്ട്. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ വയനാട് ജില്ലയിലാണ്. 71 ക്യാംപുകളിലായി 5999 പേര്‍ വയനാട് മാത്രം ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. വയനാട് മുട്ടില്‍മലയില്‍ ഉരുള്‍പ്പൊട്ടലില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് ഒന്‍പത്-വെള്ളി) അവധി. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.