ജമ്മു കാശ്‌മീരിൽ ഇന്റർനെറ്റ്, ഫോൺ സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു

0
77

പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്‌തതിന് ശേഷം അഞ്ച് ദിവസം പിന്നിട്ടപ്പോൾ ജമ്മു കാശ്‌മീരിൽ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചു. ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായി ഇന്ന് പ്രാർത്ഥനകൾക്ക് വേണ്ടി പുറത്തിറങ്ങുന്നവരെ തടയരുതെന്ന് സൈന്യത്തിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നത് തടയാൻ
സൈന്യം കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

അതേസമയം, ശ്രീനഗറിലെ ജുമാ മസ്‌ജിദ് അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്‌ച പ്രാർത്ഥനകൾ ഇന്ന് ഇവിടെ നടക്കാൻ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മറ്റ് ചെറിയ പള്ളികളിൽ പ്രാർത്ഥന നടത്താൻ അനുമതി കൊടുത്തിട്ടുണ്ട്. ഇന്ന് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രാർത്ഥന നടക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ പൂർണമായും നീക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി എന്നിവർ ഇപ്പോഴും പൊലീസ് കസ്‌റ്റഡിയിൽ തുടരുകയാണ്. കൂടാതെ പ്രകടനങ്ങൾക്കും റാലികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം ഇപ്പോഴു തുടരുകയാണ്. ഗവർണർ സത്യപാൽ മാലിക് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. പെരുന്നാൾ പ്രമാണിച്ച് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്നും അദ്ദേഹം അറിയിച്ചു.