ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കീർത്തി സുരേഷ് മികച്ച നടി, ജോജു ജോര്‍ജ്ജിനും സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമര്‍ശം

0
312

അറുപത്തി ആറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹാനടിയിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്കാരം. അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യഥർ ആണ് മികച്ച സംവിധായകൻ.

ജോസഫ് എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് – ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള പുരസ്‌കാരം കമ്മാരസംഭവം നേടി.

മികച്ച സിനിമ ഗ്രന്ഥത്തിന് എസ് ജയചന്ദ്രന്‍ നായരുടെ ‘മൗനപ്രാര്‍ഥന പോലെ’ പുരസ്‌കാരം നേടി. സംവിധായകന്‍ അരവിന്ദനെക്കുറിച്ചുള്ള പുസ്തകമാണ് മൗനപ്രാര്‍ഥന പോലെ. അരവിന്ദന്‍ എന്ന കലാകാരനിലെ സിനിമാക്കാരനെ മാത്രമല്ല കാര്‍ട്ടൂണിസ്റ്റിനെ, സംഗീതജ്ഞനെ, നാടകക്കാരനെ ഒക്കെ സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനഃസൃഷ്ടിക്കുകയാണ്, പുസ്തകത്തില്‍.

സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഒരേ സമയം അരവിന്ദനെയും അരവിന്ദന്റെ ചലച്ചിത്രങ്ങളെയും പറ്റിയുള്ള പുസ്തകമാണ് മൗനപ്രാര്‍ഥന പോലെ.