പ്രളയം: മരണസംഖ്യ 30 ആയി; 9 പേരെ കാണാനില്ല

0
27

കാലവര്‍ഷക്കെടുതിയില്‍ മരണസംഖ്യ 30 ആയി. വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുവയസ്സുകാരന്‍ അടക്കം 6 പേര്‍ മരിച്ചു. ഇവിടെ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടി 4 പേര്‍ മരിച്ചു. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീടുതകര്‍ന്ന് 4 പേര്‍ മരിച്ചു. കുറ്റ്യാടിയില്‍ ഒഴുക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പുത്തലം പെട്രോള്‍പമ്പില്‍ വെള്ളംകയറി ജീവനക്കാരന്‍ മരിച്ചു. കോഴിക്കോട് വേങ്ങേരിയിലും ഇരിട്ടി വള്ളിത്തോടും ഇടുക്കി ചിന്നാറിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍,വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.