
വയനാട് : കഴിഞ്ഞ ദുരന്തത്തില്‍ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉരുള്‍പൊട്ടല്‍ സംഭവിച്ച വയനാട് പുത്തുമലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
ഉരുള്‍പൊട്ടല്‍ സംഭവിച്ച വയനാട് പുത്തുമലയില്‍ സന്ദര്‍ശനം നടത്തി. ഒരു മല പൂര്‍ണമായി ഇടിഞ്ഞു താഴ്ന്നു കുത്തിയൊഴുകിയ നിലയിലാണ് ഈ പ്രദേശം. മണ്ണിനടിയില്‍ നിന്ന് ആളുകളെ രക്ഷിക്കുകയാണ് ആദ്യം വേണ്ടത്. മലവെള്ള പാച്ചിലില്‍ ജനജീവിതത്തെ മുഴുവന്‍ വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണ്. മലയുടെ അപ്പുറം മൂന്ന് വാര്‍ഡില്‍ ജനങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
അവിടെ ക്യാമ്ബുകളില്‍ ഭക്ഷണ സാധനങ്ങളോ ഗ്യാസോ ഒന്നും കിട്ടുന്നില്ല എന്ന് പരാതിയാണ്.ഇക്കാര്യം സബ് കലക്ടറോട് പറഞ്ഞപ്പോള്‍ ഇതെല്ലാം പരിഹരിക്കാം എന്ന് ഉറപ്പ് നല്കി. കഴിഞ്ഞ ദുരന്തത്തില്‍ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നത്. ഇപ്പോള്‍ ഇക്കാര്യം വിശദമായി സംസാരിക്കാനുള്ള സമയമല്ല, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി ഒരുമിച്ചു നില്ക്കാം.