കഴിഞ്ഞ വർഷം മുന്നറിയിപ്പിനെ തുടർന്ന് ക്യാമ്പിൽ കഴിഞ്ഞു, ഇത്തവണ ദുരന്തം പിടികൂടുമെന്ന് പ്രതീക്ഷിച്ചില്ല: ദുരന്തമൊഴിയാതെ കവളപ്പാറ

0
76

നിലമ്പൂർ :കവളപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്തുള്ളവർ കഴിഞ്ഞ വർഷം മുന്നറിയിപ്പിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ നേരത്തെ അഭയം പ്രാപിച്ചിരുന്നു. ഭൂദാനം എൽ.പി സ്‌കൂളിലെ ക്യാമ്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ പ്രളയത്തിൽ 15 ദിവസമാണ് കവളപ്പാറയിലുള്ളവവർ ക്യാമ്പുകളിൽ കഴിഞ്ഞത്.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായതിനാൽ ഇവർക്ക് മാറി താമസിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തവണയും ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചിരുന്നെങ്കിലും അപകടം നടക്കില്ല എന്ന വിശ്വാസത്തിൽ ആരും ഇവിടെ നിന്നും മാറാൻ തയ്യാറായില്ലയെന്നും ഇക്കാര്യത്തിൽ അധികൃതരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രദേശവാസിയായ വിജയൻ 24 ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം മാറി താമസിച്ചവരുടെ വീടുകൾ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്താണ്‌ ദുരന്തമുണ്ടായത്. മുന്നറിയിപ്പ് അവഗണിക്കാതിരുന്നെങ്കിൽ കവളപ്പാറയിൽ ഇത്തരത്തിലൊരു ദുരന്തം ഉണ്ടാകില്ലായിരുന്നു . ഇന്ന് വീണ്ടും രക്ഷാപ്രവർത്തനത്തിനിടയ്ക്ക് കവളപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു .