കോൺഗ്രസ് പ്രസിഡന്റിനെ രാഹുൽ തീരുമാനിക്കുന്നവർ തീരുമാനിക്കും

0
226

ഗൗരീദാസന്‍ നായര്‍

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനപ്രകാരം മാത്രമാവില്ല.

ഏകദേശം 150-170 പേരെങ്കിലും ഉൾപ്പെടുന്ന ഒരുതരം ‘കൊളീജിയ’ത്തിന്റെ തീരുമാനപ്രകാരമാവും അത്. ഈ കൊളീജിയത്തിന്റെ വലിപ്പം തീരുമാനിച്ചിരിക്കുന്നതാകട്ടെ രാഹുൽ ഗാന്ധിയും. അങ്ങിനെ ഒറ്റ നീക്കത്തിൽ പാർട്ടിക്കുള്ളിലെ  കടൽക്കിഴവന്മാരെ അരിഞ്ഞു വീഴ്ത്തി പുതുരക്തം കൊണ്ടുവരാനുള്ള തന്റെ നിശ്ചയം നടപ്പാക്കുകയാണ് രാഹുൽ ഗാന്ധി.

പുതിയ അധ്യക്ഷ(ൻ) ആരായിരക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി രണ്ട് തട്ടിലാണെന്നത് രഹസ്യമല്ല. സോണിയാ ഗാന്ധിയോട് അടുപ്പമുള്ള മുതിർന്നവരുടെ വിഭാഗം (അവരാണ് പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം) ഒരു മുതിർന്ന നേതാവായിരിക്കണം പുതിയ പാർട്ടി അധ്യക്ഷ(ൻ) എന്ന് വാദിക്കുന്നവരാണ്. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, അശോക് ഗെലോട്ട് തുടങ്ങിയ പേരുകൾ മുന്നോട്ട് വച്ചിട്ടുള്ളത് അവരാണ്. ഖാർഗെയും ഷിൻഡെയും ദളിത് നേതാക്കളാണെന്നത് അവരുടെ പേരുകൾക്ക് നല്ല പ്രാധാന്യം നൽകുന്നുമുണ്ട്.

ഇനിയൊരു കൂട്ടർ–ശശി തരൂർ അടക്കമുള്ളവർ–കോൺഗ്രസിനെ നയിക്കേണ്ടത് നെഹ്‌റു കുടുംബത്തിൽ നിന്ന് തന്നെയുള്ള ഒരാളാവണമെന്നും അത് പ്രിയങ്കാ ഗാന്ധിയാവണമെന്നും വാദിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെപ്പോലെയുള്ളവർ പ്രായം കുറഞ്ഞ ഒരാളാവണം ആ സ്ഥാനം വഹിക്കേണ്ടത് എന്ന വാദവുമായി രംഗത്തുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് ഈ ‘ചെറുപ്പക്കാർ’. രാഹുൽ ഗാന്ധിയുടെ നിലപാടിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ആ അർത്ഥത്തിൽ അമരീന്ദർ സിംഗാണ്. അതിലൊരു സാധ്യത രാഹുൽ കാണുന്നു എന്നാണ് സൂചനകൾ.

ഇപ്പോൾ ചേരുന്ന വിശാല നേതൃയോഗത്തിലേക്ക് ഇതിന്റെ ഭാഗമായി പാർട്ടി എംപിമാരെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷരെയും നിയമസഭാ കക്ഷി നേതാക്കളെയുമെല്ലാം ക്ഷണിച്ചിരിക്കുകയാണ് രാഹുൽ. അക്ഷരാർത്ഥത്തിൽ ഒരു മിനി എഐസിസി.  കോൺഗ്രസ് പ്രവർത്തക സമിതിയിലെ ചർച്ചകൾക്കപ്പുറം വിശാലമായ ജനാധിപത്യ ചർച്ചയിലൂടെയാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന സന്ദേശം പുറത്തേക്ക് നല്കാനാവുമെന്നും ഇതിലൂടെ രാഹുൽ; കണക്കുകൂട്ടുന്നുണ്ടെന്ന് വേണം കരുതാൻ. 

മെയ് 25ന് കോൺഗ്രസ് അധ്യക്ഷ പദവി സ്വമേധയാ ഒഴിഞ്ഞ് രാഹുൽ ഗാന്ധി തുടങ്ങി വച്ച പ്രക്രിയയുടെ സ്വാഭാവിക  പര്യവസാനമാവും അത്.  അതോടെ കോൺഗ്രസ് കുടുംബാധിപത്യത്തിന്റെ പാർട്ടിയാണെന്ന ബിജെപിയുടെ വിമർശനത്തിന്റെ മുനയൊടിയും. കോൺഗ്രസിനുള്ളിൽ ജനാധിപത്യമില്ലെന്നും എല്ലാം തീരുമാനിക്കപ്പെടുന്നത് 10 ജൻപഥിലാണെന്ന കോൺഗ്രസിന്റെ സഹചാരികളുടെയടക്കം അടക്കം പറച്ചിലിന് ശമനവുമാവും.