ബംഗ്ലൂർ : മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവരെ കർണാടക പോലീസ് മർദിച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ സങ്കടവും ആശങ്കയും അറിയിക്കാൻ ശ്രമിച്ച ജനങ്ങൾക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. ഇന്നലെ ഗഡഗ് ജില്ലയിലെ കോന്നൂര്‍ താലൂക്ക് സന്ദര്‍ശിക്കാന്‍ പോകവെയാണ് യെദ്യൂരപ്പയെ ജനങ്ങൾ തടഞ്ഞത്. ഇവരെ നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഇതിന് കഴിയാതെ വന്നതോടെയാണ് ലാത്തി വീശിയത്.
ജനങ്ങളെ പോലീസ് മർദിക്കുന്നതു കണ്ടിട്ടും വിലക്കാനോ മർദനം അവസാനിപ്പിക്കാനോ പറയാതെ യെദ്യൂരപ്പ കാറിൽ തന്നെ ഇരുന്നതായി ആരോപണമുണ്ട്. കര്‍ണാടകത്തില്‍ മഴക്കെടുതിയില്‍പ്പെട്ട് 24 പേരാണ് മരിച്ചത്. 1024 ഗ്രാമങ്ങളെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. 18 ജില്ലകളിലായി 80 താലുക്കുകളിലെ 2.43 ലക്ഷം പേരാണ് മഴക്കെടുതിയുടെ ദുരന്തം അനുഭവിച്ചത്. എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്, പ്രതിരോധ സേനകള്‍, സൈന്യം, ദുരന്ത പ്രതിരോധ സേന തുടങ്ങിയവരാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. അയ്യായിരം കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.