രണ്ടു ദിവസത്തിനിടെ 80 ഉരുള്‍ പൊട്ടലുകള്‍; എങ്കിലും സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

0
69

സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ പ്രവചനം അനുസരിച്ചുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവലോകനയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ42 ആയി. 30000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി 80ഓളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്.. അതില്‍ ഗുരുതരമായത് നിലമ്പൂര്‍ കവളപ്പാറയും വയനാട് മേപ്പാടിയിലുമാണ്. പലയിടങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നു അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും എത്തിക്കുവാനുള്ളശ്രമമാണ് നടക്കുന്നത്. കേന്ദ്രസേനയുള്‍പ്പെടെ വിവിധ വിഭാഗങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

എല്ലാത്തരം ആളുകളും അപകടത്തെ തിരിച്ചറിഞ്ഞ് കൂട്ടായി ഇടപെടുന്നത്. അത് പ്രതിസന്ധികളെ മറികടക്കാന്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.. രക്ഷാപ്രവര്‍ത്തകര്‍ അര്‍പ്പണബോധത്തോടെ ചുമതലകള്‍ നിര്‍വഹിക്കുന്നു.പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നു. വയനാട് ജില്ലയില്‍ 24990 പേരെ സുരക്ഷിതരാക്കിയിട്ടുണ്ട്.

നാട് ദുരന്തം നേരിടുമ്പോള്‍ പ്രശനങ്ങളെ സങ്കീര്‍ണമാക്കുന്ന തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. എല്ലാ ഡാമുകളും തുറന്നു വിട്ടു, സംസ്ഥാനത്ത് പെട്രോള്‍ വിതരണം നിര്‍ത്തി തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു, ആശങ്ക പരത്താനുള്ള ശ്രമം നടക്കുന്നു. ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.